ലണ്ടൻ: എഫ് എ കപ്പ് ഫൈനലിൽ ക്രിസ്റ്റൽ പാലസ് പ്രവേശിച്ചു. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ അവർ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു. മത്സരത്തിന്റെ 31-ാം മിനിറ്റിൽ എസെയാണ് ക്രിസ്റ്റൽ പാലസിനുവേണ്ടി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ അവർക്ക് സാധിച്ചു.

രണ്ടാം പകുതിയിൽ ക്രിസ്റ്റൽ പാലസിന് ലീഡ് വർദ്ധിപ്പിക്കാൻ ഒരവസരം ലഭിച്ചു. അവർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മറ്റേറ്റ എടുത്തത് പുറത്തേക്ക് പോയെങ്കിലും അത് വില്ലയ്ക്ക് മുതലാക്കാനായില്ല. അധികം വൈകാതെ സാറിൻറെ ഒരു മികച്ച ലോംഗ് റേഞ്ചർ ഗോളിലൂടെ ക്രിസ്റ്റൽ പാലസ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. അവസാനം ഇഞ്ച്വറി ടൈമിൽ സാർ ഒരു ഗോൾ കൂടെ നേടിയതോടെ അവർ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നോട്ടിംഘാം ഫോറസ്റ്റിനെ നേരിടും.