താൻ അൽ നസറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെ, 40 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്ലബ്ബിൻ്റെ ജേഴ്സിയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു, “ഈ അധ്യായം അവസാനിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു, “കഥയോ? അത് ഇനിയും എഴുതപ്പെടുകയാണ്. എല്ലാവരോടും നന്ദിയുണ്ട്.”

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022 ൽ അൽ-നസറിൽ ചേർന്ന റൊണാൾഡോയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. 24 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായ അദ്ദേഹത്തിന് വ്യക്തിപരമായ മികച്ച സീസൺ ആയിരുന്നെങ്കിലും, ടീം എന്ന നിലയിൽ അൽ-നസറിന് കാര്യമായ നേട്ടങ്ങൾ സ്വന്തമാക്കാനായില്ല. അവർ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു.
ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്കായുള്ള പ്രത്യേക ട്രാൻസ്ഫർ ജാലകം (ജൂൺ 1-10) ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന വരുന്നത്.