2019 ലെ ആദ്യത്തെ എൽക്ലാസിക്കോ ഇന്ന് നടക്കും. കോപ ഡെൽ റേയിൽ ആദ്യപാദ സെമിയിൽ ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ ആണ് എൽക്ലാസിക്കോ നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 1.30 നു ആണ് കിക്കോഫ്.
ബാഴ്സലോണക്ക് വേണ്ടി ഇന്ന് മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. മാച്ച് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിലും ബെഞ്ചിൽ ആയിരിക്കും മെസ്സിയുടെ സ്ഥാനം. കഴിഞ്ഞ എൽക്ലാസിക്കോയിൽ മെസ്സി ഇല്ലാഞ്ഞിട്ടും സുവാരസിന്റെ ഹാട്രിക്കിന്റെ മികവിൽ അഞ്ചു ഗോളുകൾക്കു ആയിരുന്നു റയലിന്റെ വലയിൽ ബാഴ്സലോണ നിക്ഷേപിച്ചത്. പരിക്ക് മൂലം ഉമ്മിറ്റിറ്റിയും റാഫിഞ്ഞയും ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിട്ടുണ്ട്, കൂടെ ഗോൾ കീപ്പർ സിലിസ്സനും പരിക്ക് മൂലം ഉണ്ടാവില്ല.
ക്യാമ്പ് നൗവിൽ നടന്ന സീസണിലെ ആദ്യത്തെ എൽക്ലാസിക്കോയിലെ നാണക്കേട് മറക്കാൻ ശ്രമിക്കുകയാണ് റയൽ മാഡ്രിഡ്. അന്നത്തെ പ്രകടനത്തിൽ നിന്നും റയൽ ഏറെ മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും റയൽ വിജയിച്ചു മികച്ച ഫോമിൽ ആണ്. മുൻ നിരയിൽ ബെൻസേമയും വിനിഷ്യസും മികച്ച ഫോമിൽ ഉള്ളത് റയലിന് ആശ്വാസമാകും.