കോപ്പ ഡെൽ റേ സെമി ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ ബാഴ്സക്ക് ജയം. ക്യാമ്പ് നൂവിൽ ലൂയി സുവാരസ് നേടിയ ഏക ഗോളിനാണ് ല ലിഗ മുൻ നിരക്കാർ ജയം സ്വന്തമാക്കിയത്. ജയിക്കാൻ ആയതിന് പുറമെ വലൻസിയയെ എവേ ഗോൾ നേടാൻ അനുവദിക്കാതിരുന്നതും ബാഴ്സക്ക് നേട്ടമായി.
പൗളീഞ്ഞോ, ടെർ സ്റ്റീഗൻ, കുട്ടീഞ്ഞോ എന്നിവർ ഇല്ലാതെയാണ് ബാഴ്സ ആദ്യ ഇലവൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെക്കാൻ ബാഴ്സക്ക് ആയെങ്കിലും ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ പക്ഷെ ബാഴ്സ തങ്ങളുടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയപ്പോൾ തുടർച്ചയായ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായി. 67 ആം മിനുട്ടിലാണ് ബാഴ്സയുടെ വിജയ ഗോൾ പിറന്നത്. ഗോൾ നേടിയ ശേഷം ബാഴ്സ പരിശീലകൻ വാൽവർടെ പൗളീഞ്ഞോ, പാക്കോ അൽകാസർ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും ലീഡ് വർധിപ്പിക്കാനായില്ല. ഈ മാസം എട്ടാം തിയതിയാണ് രണ്ടാം പാദ സെമി ഫൈനൽ അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














