ബ്രസീൽ – അർജന്റീന കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരത്തിന് മുൻപ് VAR സംവിധാനത്തിന് കുഴപ്പങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അത് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ പരിഹരിച്ചിട്ടുണ്ടെന്നും സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ. മത്സരത്തിൽ VAR സംവിധാനം ഇടപെട്ടില്ലെന്ന് പറഞ്ഞ് സൂപ്പർ താരം ലിയോണൽ മെസ്സിയും അഗ്വേറൊ രംഗത്ത് എത്തിയിരുന്നു.
എന്നാൽ അർജന്റീനയുടെ ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന രീതിയിലാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ പ്രതികരിച്ചത്. ബ്രസീൽ രണ്ടാമത്തെ ഗോൾ നേടുന്നതിന് തൊട്ട് മുൻപ് ബ്രസീൽ പെനാൽറ്റി ബോക്സിൽ ഡാനി ആൽവേസ് അഗ്വേറൊയെ ഫൗൾ ചെയ്തെന്നാണ് മെസ്സിയും അഗ്വേറൊയും ആരോപിച്ചത്. എന്നാൽ ഇത് VAR ഉപയോഗിച്ച് പരിശോധിക്കാൻ റഫറി തയ്യാറായതും ഇല്ല.
ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസനാരോ മത്സരം കാണാൻ വന്നതുമായി ബന്ധപ്പെട്ടാണ് VAR സംവിധാനത്തിൽ പ്രശ്നങ്ങൾ സംഭവിച്ചതെന്നാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയത്. പ്രെസിഡന്റിന്റെ സുരക്ഷാ വിഭാഗത്തിന്റെ റേഡിയോ ഫ്രീക്വൻസികൾ ഒരുമിച്ച് വന്നതിനെ തുടർന്നാണ് പ്രശ്നം ഉണ്ടായതെന്നും അതെല്ലാം മത്സരം തുടങ്ങുന്നതിന് മുൻപ് പരിഹരിച്ചെന്നും സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.