കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിക്ക് വീണ്ടും ഭീഷണി. കഴിഞ്ഞ ദിവസം ബ്രസീൽ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പർ താരം താരം നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് കാൽ മുട്ടിനാണ് പരിക്കേറ്റത്. ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നെയ്മറെ പരിശീലകൻ നീക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പരിശീലനത്തിനിടെ നെയ്മറിന് പരിക്കേറ്റത്. നെയ്മറിന്റെ പരിക്കിന്റെ വ്യപ്തി എത്രയാണെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
2007ന് ശേഷം ഒരു പ്രധാന കിരീടം നേടി ഇറങ്ങുന്ന ബ്രസീലിന് നെയ്മറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്. 1989ന് ശേഷം ആദ്യമായി ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക എന്ന പ്രത്യേകതയും ഈ വർഷത്തെ ടൂർണമെന്റിന് ഉണ്ട്. ജൂൺ 15ന് നടക്കുന്ന ബ്രസീൽ – ബൊളീവിയ മത്സരത്തോടെയാണ് ഈ വർഷത്തെ കോപ്പ അമേരിക്കയുടെ തുടക്കം. കഴിഞ്ഞ രണ്ടു സീസണുകളിൽ പരിക്ക് വിടാതെ പിന്തുടരുന്ന നെയ്മറിന് പരിക്ക് മൂലം ഒരുപാടു മത്സരങ്ങൾ നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ കാലിനേറ്റ പരിക്കുമായിട്ടാണ് നെയ്മർ റഷ്യയിൽ നടന്ന ലോകകപ്പ് കളിക്കാൻ ഇറങ്ങിയത്. ഈ സീസണിലും പരിക്കേറ്റ് നെയ്മർ മാസങ്ങളോളം പുറത്തിരുന്നിരുന്നു.
അടുത്തിടെ റെന്നീസ് ആരാധകന്റെ മുഖത്തിടിച്ചതിന്റെ പേരിൽ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ നെയ്മറിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയതിന് യുവേഫ നെയ്മറെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.