മെസ്സി പുറത്തായിട്ടും ഡിബാല, അഗ്വേറോ ഗോളിൽ അർജന്റീനയ്ക്ക് മൂന്നാം സ്ഥാനം

കോപ അമേരിക്കയുടെ മൂന്നാം സ്ഥാനത്തിനായുള്ള പോര് അർജന്റീന വിജയിച്ചു. ഇന്ന് സംഭവബഹുലമായ മത്സരത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി ചുവപ്പ് കണ്ട മത്സരത്തിൽ അഗ്വേറോയും ഡിബാലയുമാണ് അർജന്റീനയുടെ രക്ഷകരായത്.

മത്സരത്തിൽ അർജന്റീനയാണ് മികച്ച രീതിയിൽ തുടങ്ങിയത്. മെസ്സിയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് അഗ്വേറോ ആയിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് ശേഷമായിരുന്നു വിവാദ ചുവപ്പ് കാർഡുകൾ പിറന്നത്. മെസ്സിക്കും ചിലിയിടെ മെഡെലെയ്ക്കുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ചുവപ്പ് കാർഡിനുള്ള ഫൗൾ ഒന്നും നടന്നില്ല എന്ന് റീപ്ലേകൾ വ്യക്തമാക്കിയിരുന്നു.

മെസ്സി പോയെങ്കിലും ഡിബാലയിലൂടെ അർജന്റീന ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ വാർ നൽകിയ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് വിദാൽ ചിലിക്ക് ചെറിയ പ്രതീക്ഷ നൽകി. എന്നാൽ നല്ല നിയന്ത്രണത്തോടെ മത്സരം തങ്ങളുടേതാക്കി മാറ്റാൻ അർജന്റീനയ്ക്ക് ആയി. ഒരുപാട് മോശം റഫറിയിങ് കണ്ട മത്സരമായിരുന്നു ഇന്നത്തേത്.