നിർഭാഗ്യത്തിൽ തട്ടി ജപ്പാൻ പുറത്ത്, പരാഗ്വേ ക്വാർട്ടറിൽ

കോപ അമേരിക്കയിൽ നിന്ന് ജപ്പാൻ പുറത്ത്. ഇന്ന് പുലർച്ചെ നടന്ന അതിനിർണായക പോരിൽ ഇക്വഡോറിനോട് സമനില വഴങ്ങിയതാണ് ജപ്പാന് വിനയായത്. 1-1 എന്ന നിലയിലായിരുന്നു കളി അവസാനിച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ വിജയിക്കാനുള്ള സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും മുതലെടുക്കാൻ ജപ്പാനായില്ല. ജപ്പാൻ നേടിയ ഒരു ഗോൾ വാർ നിഷേധിക്കുകയും ചെയ്തു.

കളിയുടെ ആദ്യ പകുതിയിൽ നകജിമ ജപ്പാനു വേണ്ടിയും മെന ഇക്വഡോറിനു വേണ്ടിയും ഗോൾ നേടി. ഈ സമനില ഗ്രൂപ്പിൽ മൂന്നാമത് തന്നെ ജപ്പാനെ നിർത്തിയെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് കടക്കാൻ ജപ്പാനായില്ല. പകരം ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായ പരാഗ്വേ ക്വാർട്ടറിൽ കടന്നു. യുവതാരങ്ങളുമായി എത്തിയ ജപ്പാന് അഭിമാനിക്കാവുന്ന ടൂർണമെന്റ് തന്നെ ആയിരുന്നു ഇത്.