ജൂലൈ 15 നു നടക്കുന്ന കോപ്പ അമേരിക്ക ഫൈനൽ അർജന്റീന ജേഴ്‌സിയിലെ തന്റെ അവസാന മത്സരം ആയിരിക്കും എന്ന് പ്രഖ്യാപിച്ചു ഏഞ്ചൽ ഡി മരിയ. നേരത്തെ തന്നെ ഈ കോപ്പ അമേരിക്കക്ക് ശേഷം താൻ രാജ്യാന്തര ഫുട്‌ബോളിൽ നിന്നു വിരമിക്കും എന്നു 36 കാരനായ അർജന്റീന താരം പറഞ്ഞിരുന്നു. നേരത്തെ ലോകകപ്പ് കഴിഞ്ഞു വിരമിക്കും എന്നു പറഞ്ഞ താരം പിന്നീട് തീരുമാനം മാറ്റുക ആയിരുന്നു. എന്നാൽ നിലവിൽ ഫൈനൽ തന്റെ അവസാന മത്സരം ആണെന്ന് താരം വ്യക്തമാക്കി. കളിക്ക് മുമ്പ് തനിക്ക് വേണ്ടി ഫൈനലിൽ എത്തണം എന്നു മെസ്സി പറഞ്ഞത് ആയി വ്യക്തമാക്കിയ ഡി മരിയ കൂടെയുള്ള താരങ്ങളിൽ അഭിമാനം ഉണ്ടെന്നും കൂട്ടിച്ചേർത്തു. രാജ്യത്തിനു ആയി അവസാന മത്സരം കളിക്കാൻ താൻ മാനസികമായി തയ്യാറല്ല പക്ഷെ ഇതാണ് സമയം ഫൈനലിൽ എന്ത് സംഭവിച്ചാലും തനിക്ക് തല ഉയർത്തി മടങ്ങാം എന്നു ഡി മരിയ പറഞ്ഞു.
ഇത് വരെ താൻ രാജ്യത്തിനു ആയി എല്ലാം നൽകിയത് ആയി പറഞ്ഞ ഡി മരിയ തന്റെ ജീവൻ തന്നെ രാജ്യത്തിനു ആയി നൽകിയാണ് എന്നും അർജന്റീന ജേഴ്സിയിൽ കളിച്ചത് എന്നും കൂട്ടിച്ചേർത്തു. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നത് ആയും താരം കാനഡക്ക് എതിരായ സെമിഫൈനൽ വിജയ ശേഷം കൂട്ടിച്ചേർത്തു. അർജന്റീനക്ക് ആയി ലോകകപ്പ് ഫൈനൽ, കോപ്പ അമേരിക്ക ഫൈനൽ, ഫൈനലിസിമ ഫൈനൽ, ഒളിമ്പിക്സ് ഫൈനൽ എന്നിവയിൽ ഗോൾ അടിച്ചു കിരീടം ഉയർത്തിയ ഡി മരിയ മെസ്സിക്ക് ഒപ്പം ഈ കാലത്ത് അർജന്റീനയുടെ നേട്ടങ്ങളിൽ നിർണായക പങ്ക് തന്നെയാണ് വഹിച്ചത്. ഡി മരിയക്ക് ആരാധകർ കണ്ണീരോടെയാവും യാത്ര പറയുക. കോപ്പ അമേരിക്ക കിരീടം ഉയർത്തി കളം വിടാൻ ആവും ഡി മരിയയും അർജന്റീന ടീമും ഫൈനലിൽ ഇറങ്ങുക എന്നുറപ്പാണ്.