കോപ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിൽ വമ്പൻ തിരിച്ചുവരവുമായി ഖത്തർ

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് കോപ അമേരിക്കയിലെ അരങ്ങേറ്റത്തിൽ സമനില. പരാഗ്വെയ്ക്കെതിരായ മത്സരത്തിലാണ് വമ്പൻ തിരിച്ചുവരവുമായി ഖത്തർ സമനില നേടിയത്. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ആവേശോജ്വലമായ തിരിച്ചുവരവാണ് ഖത്തർ നടത്തിയത്. ഓസ്കർ കാർഡോസോയും ഡെർലിസ് ഗോൺസാലസും പരഗ്വേയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ഖത്തറിന് വേണ്ടി സൂപ്പർ താരം അൽമോയെസ് അലിയും ബൊലേം ഖൗക്കിയും ഗോളടിച്ചു.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ലീഡ് നേടാൻ പരഗ്വേയ്ക്കായിരുന്നു. റിയോ ഡെ ജെനീറോയിൽ ഓസ്കർ കാർഡോസോയുടെ പെനാൽറ്റിയിൽ പരഗ്വേയ് ലീഡ് നേടി. ഗ്രൂപ്പ് ബിയിലെ മൂന്നു പോയന്റ് നേടാമെന്ന പരാഗ്വെയ് സ്വപ്നത്തിനു കടിഞ്ഞാണിടാൻ ഖത്തറിന് സാധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡെർലിസ് ഗോൺസാലസ് ലീഡുയർത്തിയെങ്കിലും അൽമോയെസ് അലിയിലൂടെ ഒരങ്കത്തിനൊരുങ്ങി ഖത്തർ.

കന്നി ഏഷ്യൻ കിരീടം നേടിയ ഖത്തറിന്റെ കുതിപ്പ് അവിടെ അവസാനിച്ചില്ല. ബൊലേം ഖൗക്കിയുടെ പന്ത് റോഡ്രിഗോ റോഹാസിന് രക്ഷിക്കാൻ സാധിച്ചില്ല. പരാഗ്വെയ് ഗോൾ കീപ്പർ റോബർട്ടോ ഫെർണാണ്ടസിന് പന്ത് വലയിലെത്തുന്നത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. കോപ്പയിൽ ഖത്തർ കൊളംബിയയെയും പരാഗ്വെയ് അർജന്റീനയെയും ഇനി നേരിടും.

Previous articleപാക്കിസ്ഥാനെ സെവനപ്പ് കുടിപ്പിച്ച് ഇന്ത്യ, ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഏഴാം തോല്‍വി
Next articleജയിച്ചത് മികച്ച ടോസ്, പക്ഷേ ബൗളിംഗ് കൈവിട്ടപ്പോള്‍ അതിന്റെ ഗുണം നഷ്ടമായി