കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റ അർജന്റീന പുറത്തായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകളാക്കായിരുന്നു ലയണൽ മെസ്സിയും സംഘവും പരാജയം രുചിച്ചത്. ഇന്നത്തെ തോൽവിയോടെ ഒരു നാണക്കേടും അർജന്റീന സ്വന്തമാക്കി, കോപ്പ അമേരിക്കയിൽ തുടർച്ചയായ അഞ്ചാം തവണയാണ് ബ്രസീൽ അർജന്റീനയെ നോക്ക്ഔട്ട് ഘട്ടത്തിൽ പുറത്താക്കുന്നത്.
1993ൽ ആയിരുന്നു അർജന്റീന അവസാനമായി കോപ്പ അമേരിക്ക വിജയികൾ ആവുന്നത്. തുടർന്ന് നടന്ന 1995ലെ കോപ്പ അമേരിക്കയിൽ ബ്രസീൽ അർജന്റീനയെ ക്വാർട്ടർ ഫൈനലിൽ വെച്ച് പുറത്താക്കിയിരുന്നു. 2-2 എന്ന സ്‌കോറിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീലിന്റെ വിജയം.
2004 കോപ്പയുടെ ഫൈനലിലാണ് പിന്നെ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്, 2-2 എന്ന സ്‌കോറിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി, ഇപ്രാവശ്യവും വിജയം ബ്രസീലിന്റെ കൂടെ.
2007 ഫൈനലിൽ വീണ്ടും ക്ലാസിക് പോരാട്ടത്തിന് വഴിയൊരുങ്ങിയിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു ബ്രസീൽ കപ്പുയർത്തി. തുടർന്ന് 12 വർഷങ്ങൾ എടുത്തു കോപ്പയിൽ ബ്രസീൽ – അർജന്റീന ക്ലാസ്സിക് പോരാട്ടം നടക്കാൻ, 2019 സെമി ഫൈനലിലും വിജയം കാനറികളുടെ കൂടെ നിന്നു.