കോപ അമേരിക്കയിൽ ഇന്ന് നടന്ന മത്സരത്തിൽ കൊളംബിയയോട് സമനിലയുമായി രക്ഷപ്പെട്ട് ബ്രസീൽ. ഇന്നത്തെ മത്സരം 1-1 എന്ന സമനിലയിലാണ് അവസാനിച്ചത്. കൊളംബിയ മികച്ചു നിന്ന മത്സരത്തിൽ അവർ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാതിരുന്നത് ബ്രസീലിന് തുണയായി.
ഇന്ന് തുടക്കത്തിൽ 12ആം മിനുട്ടിൽ ആയിരുന്നു ബ്രസീലിന്റെ ഗോൾ. റാഫീഞ്ഞയുടെ ഒരു ഗംഭീര ഇടംകാലൻ ഫ്രീകിക്ക് ആണ് ബ്രസീലിന് ലീഡ് നൽകിയത്. ഈ ലീഡ് ആദ്യ പകുതിയുടെ അവസാന മിനുട്ട് വരെ നീണ്ടു നിന്നു. ആദ്യ പകുതിയുടെ അവസാന നിമിഷം മുനോസ് കൊളംബിയയെ ഒപ്പം എത്തിച്ചു. സ്കോർ 1-1
രണ്ടാം പകുതിയിലും ബ്രസീൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. കൊളംബിയ 6 ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തപ്പോൾ ബ്രസീലിന് ആകെ ഷോട്ടുകൾ 7 എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ ആകെ 3 എണ്ണം ആണ് ടാർഗറ്റിലേക്ക് പോയത്.
ഈ സമനില ബ്രസീലിനെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ എത്തിച്ചു. ഇനി അവർ ക്വാർട്ടറിൽ മികച്ച ഫോമിൽ ഉള്ള ഉറുഗ്വേയെ ആകും നേരിടേണ്ടത്. ഇന്ന് മഞ്ഞക്കാർഡ് വാങ്ങിയ വിനീഷ്യസ് ആ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സസ്പെൻഷൻ കാരണം കളിക്കില്ല. കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവർ പനാമയെ നേരിടും.