കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ പൊട്ടിത്തെറിച്ചു മാർസെലോ ബിയേൽസ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തീർത്തും അവിശ്വസനീയം എന്നു പറയാവുന്ന പത്രസമ്മേളനത്തിൽ വെച്ചു കോപ്പ അമേരിക്ക സംഘാടകർ ആയ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനു എതിരെയും ഈ വർഷത്തെ നടത്തിപ്പുകാർ ആയ അമേരിക്കക്ക് എതിരെയും ആഞ്ഞടിച്ച് ഇതിഹാസ അർജന്റീന പരിശീലകൻ മാർസെലോ ബിയേൽസ. നിലവിൽ ഉറുഗ്വേ പരിശീലകൻ ആയ ബിയേൽസ ടൂർണമെന്റ് നടത്തിയ മോശം രീതിയെ പറ്റി കാരണങ്ങൾ എടുത്ത് പറഞ്ഞാണ് വിമർശിച്ചത്. പല ഇടത്തും കുണ്ടും കുഴിയും നിറഞ്ഞ മോശം ഫുട്‌ബോൾ പിച്ചുകൾ ഒരുക്കിയ സംഘാടകർ ബൊളീവിയക്ക് ട്രെയിനിങ് സൗകര്യം ഒരുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനത്തിന് ആയി ടീമുകൾക്ക് ലഭിച്ച ഏറ്റവും മോശം സൗകര്യങ്ങൾ ഒരു കാലത്തും അംഗീകരിക്കാൻ ആവില്ലാത്ത ദുരന്തം ആയിരുന്നു എന്നും ബിയേൽസ പറഞ്ഞു.

കോപ്പ അമേരിക്ക

രൂക്ഷമായ ഭാഷയിൽ കടുത്ത നിരാശയിലും ദേഷ്യത്തിലും പ്രതികരിച്ച അദ്ദേഹം ഉറുഗ്വേ താരങ്ങൾക്ക് വിലക്ക് ലഭിക്കുമോ എന്ന ചോദ്യത്തിന് കടുത്ത രീതിയിൽ ആണ് മറുപടി പറഞ്ഞത്. താരങ്ങളുടെ കുടുംബങ്ങൾക്ക് കള്ള് കുടിച്ചു വന്നു ആക്രമണം കാണിച്ച കാണികളിൽ നിന്നു സുരക്ഷ ഒരുക്കാൻ പറ്റാത്ത സംഘാടകരെയാണ് ആദ്യ വിലക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയാണ് താരങ്ങൾ തങ്ങളുടെ അമ്മമാരെയും, ഭാര്യയെയും, കുട്ടികളെയും കുടുംബത്തെയും രക്ഷിക്കാതിരിക്കുക എന്നു അദ്ദേഹം ചോദിച്ചു. മോശം സെക്യൂരിറ്റിയും പ്രവർത്തിക്കാത്ത സെക്യൂരിറ്റി വാതിലും ഒക്കെ ഒരുക്കിയ സംഘാടകർ എന്താണ് ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിനു എതിരെ പ്രതികരിക്കാൻ കളിക്കാർക്കും പരിശീലകർക്കും വിലക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയെ വരെ ഒരു പ്രതികരണം കഴിഞ്ഞ ശേഷം പ്രതികരിക്കരുത് എന്നു പറഞ്ഞു സംഘാടകർ വിലക്കി എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കോപ്പ അമേരിക്ക

കളിക്കാരും പരിശീലകരും ഒന്നു പറയാൻ പാടില്ല എന്ന അപ്രഖ്യാപിത ഭീഷണി കോപ്പ അമേരിക്കയിൽ സംഘാടകരിൽ നിന്നും അമേരിക്കയിൽ നിന്നും നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കൻ ഫെഡറേഷനു സാമ്പത്തിക താൽപ്പര്യങ്ങൾ മാത്രമാണ് ഉള്ളത് എന്നു പറഞ്ഞ ബിയേൽസ എല്ലാം ശരിയാണ് എന്നു പറഞ്ഞ അവർ കള്ളം പറയാൻ ശീലിച്ച കള്ളങ്ങൾ കൊണ്ടുള്ള പ്ലേഗ് ആണെന്നും കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെയും വെറുതെ വിട്ടില്ല. ഇതൊക്കെ കണ്ടിട്ടും പുറത്ത് കൊണ്ടു വരാത്ത മാധ്യമങ്ങൾ സാമ്പത്തിക താൽപ്പര്യവും അധികാരത്തെ പേടിച്ചും ഇതിൽ ഭാഗം ആവുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ബിയേൽസയുടെ പത്രസമ്മേളനം വലിയ വൈറൽ ആയിരിക്കുക ആണ്. കുറച്ചു ദിവസം മുമ്പ് ഫുട്‌ബോൾ കൂടുതൽ കൂടുതൽ വിരസം ആവുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും വൈറൽ ആയിരുന്നു. നിലവിൽ അടുത്ത ലോകകപ്പ് നടക്കേണ്ട അമേരിക്കയുടെ മോശം കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ ഇതിനകം തന്നെ വലിയ വിമർശങ്ങൾ ഉയരുന്നുണ്ട്. അതിനു ഇടയിൽ ആണ് ബിയേൽസ കൂടി ഇവർക്ക് എതിരെ രംഗത്ത് വരുന്നത്.