ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ രാജാക്കന്മാർ തങ്ങൾ ആണെന്ന് തെളിയിച്ചു പുതിയ റെക്കോർഡ് കുറിച്ച് അർജന്റീന. 2021 ൽ നേടിയ കോപ്പ അമേരിക്ക കിരീടം ഇന്ന് കൊളംബിയക്ക് എതിരായ എക്സ്ട്രാ ടൈം വിജയത്തോടെ നിലനിർത്തിയ അർജന്റീന തങ്ങളുടെ പതിനാറാം കോപ്പ കിരീടം ആണ് ഇന്ന് നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ കോപ്പ കിരീടങ്ങൾ നേടുന്ന രാജ്യമായി അർജന്റീന മാറി.
ഇത് വരെ അർജന്റീനക്കും ഉറുഗ്വേക്കും 15 കോപ്പ കിരീടം വീതം ആയിരുന്നു ഉണ്ടായിരുന്നത്. 16 തവണ കോപ്പ കിരീടം നേടിയ അർജന്റീന 14 തവണ രണ്ടാം സ്ഥാനക്കാരും ആയിട്ടുണ്ട്. 1991, 1993 വർഷങ്ങളിൽ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു അർജന്റീന 2021 ൽ കോപ്പ അമേരിക്ക കിരീടത്തിൽ മുത്തം ഇട്ടത്. അതിനു ശേഷം ലോകകപ്പ് കിരീടവും ജയിച്ച അർജന്റീന വീണ്ടും ഒരിക്കൽ കൂടി കോപ്പ അമേരിക്ക കിരീടം ഉയർത്തി സ്‌പെയിനിന് ശേഷം തുടർച്ചയായി മൂന്നു മേജർ കിരീടങ്ങൾ ഉയർത്തുന്ന രണ്ടാമത്തെ രാജ്യവും ആയി.