അവസാന കോപ അമേരിക്ക മെസ്സി ആരാധകർ ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപെടുന്നത് ഒന്നായിരുന്നില്ല. ഫൈനലിലെ പെനാൾട്ടി നഷ്ടമാക്കലും പരാജയവും മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനവും ഒക്കെ താരത്തിന് ഒരുപാട് നാണക്കേടുകൾ ഉണ്ടാക്കിയിരുന്നു. ആ മെസ്സി വീണ്ടും ഒരു കോപ അമേരിക്കയ്ക്ക് എത്തുകയാണ്. മുൻ വർഷങ്ങളിലെ പോലെ ഫേവറിറ്റ്സ് ആയല്ല അർജന്റീന എത്തുന്നത്.
റഷ്യൻ ലോകകപ്പിനു ശേഷം ടീമാകെ മാറ്റിയ പരിശീലകൻ സ്കലോനി പുതിയ അജന്റീനയെ ആണ് ആരാധകർക്ക് മുന്നിൽ അണിനിരത്തുന്നത്. സ്കലോനിക്ക് കീഴിൽ സ്ഥിരത കൈവരിച്ചിട്ടില്ല എങ്കിലും അർജന്റീന പ്രതീക്ഷ നൽകുന്നുണ്ട്. കോപയ്ക്ക് മുമ്പ് കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളും ജയിച്ച് നല്ല ഒരുക്കത്തോടെയാണ് അർജന്റീന എത്തുന്നത്.
മെസ്സിയിൽ തന്നെ ആകും അർജന്റീനയുടെ പ്രതീക്ഷ. ഈ കോപയിലും നിരാശ ആണെങ്കിൽ മെസ്സി ഖത്തർ ലോകകപ്പ് വരെ വിരമിക്കാൻ കാത്തിരിക്കില്ല എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഇന്ന് കൊളംബിയ ആണ് അർജന്റീനയുടെ എതിരാളികൾ. രാത്രി 3.30നാണ് മത്സരം. കൊളംബിയ, പരാഗ്വേ, ഖത്തർ തുടങ്ങിയവർ അണിനിരക്കുന്ന ശക്തമായ ഗ്രൂപ്പിലാണ് അർജന്റീന ഉള്ളത്.
മെസ്സി മാത്രമല്ല അഗ്വേറോ, ഡിമറിയ, ഡിബാല തുടങ്ങിയ പ്രമുഖരും ടീമിനൊപ്പം ഉണ്ട്. എന്നാൽ ഡിഫൻസീവ് ലൈനിലും ഗോൾ കീപ്പിംഗിലും അത്ര മികവില്ല എന്നത് അർജന്റീന ആരാധകർക്ക് ആശങ്ക നൽകുന്നു.