കോപ അമേരിക്കയ്ക്ക് ആയി ഒരുങ്ങുന്ന ബ്രസീൽ ടീമിന് ആവേശമായി കൊണ്ട് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ എത്തി. ലിവർപൂളൊനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടൻ ഉയർത്തിയ അലിസണും ഫർമീനോയുമാണ് ഇന്ന് ടീമിനൊപ്പം ചേർന്നത്. ഇരുവരും വന്നതോടെ ബ്രസീലിന്റെ കോപ അമേരിക്ക സ്ക്വാഡിലെ എല്ലാവരും ക്യാമ്പിൽ എത്തി. അലിസണും ഫർമീനോയും ബ്രസീലിന്റെ ആദ്യ ഇലവനിൽ തന്നെ ഇത്തവണ ഉണ്ടാകും എന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം നെയ്മാർ കോപ അമേരിക്ക കളിക്കില്ല എന്ന് ഉറപ്പായതോടെ ബ്രസീൽ ക്യാമ്പിൽ നിരാശ പടർന്നിരുന്നു. എന്നാൽ അലിസന്റെയും ഫർമീനോയുടെയും വരവ് അത് മാറ്റി. നെയ്മറിന് പകരക്കാരനായി ആര് എത്തും എന്ന് ഇതുവരെ ബ്രസീൽ പ്രഖ്യാപിച്ചിട്ടില്ല. ടോട്ടൻഹാം താരം ലുകസ് മൗറ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വന്തം നാട്ടിലാണ് ടൂർണമെന്റ് നടക്കുന്നത് എന്നതു കൊണ്ട് തന്നെ ബ്രസീൽ കിരീടം നേടാൻ ആകുമെന്ന വിശ്വാസത്തിലാണ്. കോപ അമേരിക്കയ്ക്ക് മുമ്പായി ഹോണ്ടുറാസിനെതിരെ ഒരു സൗഹൃദ മത്സരം കൂടെ ബ്രസീൽ കളിക്കുന്നുണ്ട്. ജൂൺ 14നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ബൊളീവിയ, വെനിസ്വേല, പെറു എന്നീ ടീമുകളാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉള്ളത്.