യുഫേഫ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി ഫിയറന്റീന. നാടകീയമായ രണ്ടാം പാദ സെമിഫൈനലിൽ എഫ്.സി ബാസലിനെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ ടീം മറികടന്നത്. ആദ്യ പാദത്തിൽ 2-1 ന്റെ പരാജയം വഴങ്ങിയ ഫിയറന്റീന തിരിച്ചു വന്നു ഇരു പാദങ്ങളിലും ആയി 4-3 ന്റെ ജയം ആണ് നേടിയത്. സ്വിസ് ടീമിന് എതിരെ അവരുടെ മൈതാനത്ത് അവിശ്വസനീയം ആയ പോരാട്ടം ആണ് ഇറ്റാലിയൻ ടീം കാഴ്ച വച്ചത്. മത്സരത്തിൽ 35 മത്തെ മിനിറ്റിൽ ബിരാഗിയുടെ പാസിൽ നിന്നു നിക്കോളാസ് ഗോൺസാലസിലൂടെ ഫിയറന്റീന ആണ് ആദ്യം മുന്നിൽ എത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ സെകി അമിദൗനിയിലൂടെ ബാസൽ മത്സരത്തിൽ സമനില പിടിച്ചു. 72 മത്തെ മിനിറ്റിൽ എന്നാൽ ഒരിക്കൽ കൂടി ഗോൾ നേടിയ അർജന്റീന താരം നിക്കോളാസ് ഗോൺസാലസ് ഫിയറന്റീനയെ ഇരു പാദങ്ങളിലും ആയി ഒപ്പം എത്തിച്ചു. തുടർന്ന് മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു. എക്സ്ട്രാ സമയത്ത് ഗോൺസാലസിന്റെയും ജോവിച്ചിന്റെയും ഷോട്ടുകൾ ബാസൽ ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ എക്സ്ട്രാ സമയത്ത് ഇഞ്ച്വറി സമയത്ത് 129 മത്തെ മിനിറ്റിൽ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ചെക് റിപ്പബ്ലിക് താരം അന്റോണിൻ ബറാക് യൂറോപ്യൻ ഫൈനലിൽ എത്തുന്ന ആദ്യ സ്വിസ് ടീം ആവാനുള്ള ബാസലിന്റെ സ്വപ്നങ്ങൾ തകർക്കുക ആയിരുന്നു. കോൺഫറൻസ് ലീഗ് ഫൈനലിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ഫിയറന്റീനയുടെ എതിരാളികൾ.