ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ കൊളംബിയയും അർജന്റീനയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ചു കൂട്ടിയതിന്റെ ആവേശത്തിൽ ഇറങ്ങിയ അർജന്റീനൻ നിരക്ക് ഇന്ന് കൊളംബിയ ഡിഫൻസ് ഭേദിക്കാനേ ആയില്ല. മെസ്സി ഇല്ലായെങ്കിലും ഇന്ന് മറ്റു പ്രധാന താരങ്ങൾ ഒക്കെ അർജന്റീനയുടെ ടീമിലേക്ക് മടങ്ങി എത്തിയിരുന്നു.
ഇന്റർ മിലാൻ സ്ട്രൈക്കർ ഇക്കാർഡിയെ മുന്നിൽ ഇറക്കിയാണ് അർജന്റീന കളി ആരംഭിച്ചത്. രണ്ടാം പകുതിയുടെ ആരംഭത്തിൽ യുവന്റസ് താരം ഡിബാലയും കളത്തിൽ ഇറങ്ങി. പക്ഷെ ഈ രണ്ടു പേരുടെയും സാന്നിദ്ധ്യം മതിയായിരുന്നില്ല കൊളംബിയൻ വല കുലുക്കാൻ. ഒമ്പതോളം ഷോട്ട് ടാർഗറ്റിൽ തൊടുത്തിട്ടും ഗോൾ മാത്രം പിറന്നില്ല.
മറുവശത്ത് ഫാൽകാവോയുടെ നേതൃത്വത്തിൽ ഇറങ്ങിയ കൊളംബിയയും ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ കൊളംബിയക്കായിരുന്നു ലഭിച്ചത്. ഇരു ടീമുകളും താൽക്കാലിക പരിശീലകർക്ക് കീഴിലാണ് കളിച്ചത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു.