കാൽവിരലിന് പൊട്ടലേറ്റതിനെ തുടർന്ന് ചെൽസി, ഇംഗ്ലണ്ട് ഫോർവേഡ് കോൾ പാമറിന് അടുത്ത മൂന്ന് മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന് മാനേജർ എൻസോ മരെസ്‌ക വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അരക്കെട്ടിലെ പരിക്ക് മാറി പരിശീലനത്തിലേക്ക് തിരിച്ചെത്തിയ 23-കാരന് വീട്ടിലെ വാതിലിൽ തട്ടിയാണ് പുതിയ പരിക്ക് സംഭവിച്ചത്.

ഇതോടെ ബേൺലിക്കെതിരേയും ആഴ്‌സണലിനെതിരേയുമുള്ള പ്രീമിയർ ലീഗ് മത്സരങ്ങളും അടുത്ത ആഴ്ച നടക്കുന്ന ബാഴ്‌സലോണയ്‌ക്കെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരവും താരത്തിന് നഷ്ടമാകും.
പരിക്ക് ഗുരുതരമല്ലെങ്കിലും അടുത്ത ഒരാഴ്ചത്തെ മത്സരങ്ങളിൽ പാമർ കളിക്കില്ലെന്ന് മരെസ്‌ക വ്യക്തമാക്കി. ജൂലൈയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെ രണ്ട് ഗോളുകൾ നേടി ചെൽസിയെ വിജയത്തിലേക്ക് നയിച്ച പാമർ മികച്ച ഫോമിലായിരുന്നു.














