ഐഎസ്എൽ 2025-26 സീസണിലെ തങ്ങളുടെ മധ്യനിരയിലെ പോരായ്മകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് വെറ്ററൻ സ്പാനിഷ് താരം ആൽബർട്ടോ നോഗുവേരയെ ചെന്നൈയിൻ എഫ്‌സി ടീമിലെത്തിച്ചു. സ്‌പെയിനിലെ സിഎഫ് റായോ മജദഹോണ്ടയിൽ നിന്നാണ് 35-കാരനായ ഈ താരം ചെന്നൈയിലെത്തുന്നത്.
പുതിയ സീസണിൽ ക്ലബ്ബ് സൈൻ ചെയ്യുന്ന ആദ്യ വിദേശ താരമാണ് നോഗുവേര. ഇന്ത്യൻ മുന്നേറ്റ താരം ഇമ്രാൻ ഖാനെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് ചെന്നൈയിന്റെ ഈ സൈനിംഗ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചിതനായ നോഗുവേര മുൻപ് എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഐഎസ്എൽ കപ്പ്, ഐഎസ്എൽ ഷീൽഡ്, ഡ്യുറാൻഡ് കപ്പ് എന്നിവ നേടിയിട്ടുള്ള അദ്ദേഹം നൂറോളം ഐഎസ്എൽ മത്സരങ്ങളിൽ കളിച്ച പരിചയവുമായാണ് ചെന്നൈയിലെത്തുന്നത്. കഴിഞ്ഞ സീസണിൽ 34 ഗോളുകൾ നേടിയെങ്കിലും കൃത്യമായ ഒരു പ്ലേമേക്കറുടെ അഭാവം ചെന്നൈയിനെ 11-ാം സ്ഥാനത്തേക്ക് തള്ളിയിരുന്നു. ആ വിടവ് നികത്താൻ നോഗുവേരയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.
ക്ലബ്ബ് വിട്ടുപോയ കോണർ ഷീൽഡ്‌സിന് മികച്ചൊരു പകരക്കാരനാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.









