സെന്റ് ജെയിംസ് പാർക്കിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് മികച്ച പ്രകടനം കാഴ്ചവെച്ച് ചെൽസിയെ 2-0ന് പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിലെ ഒരു ഗോളും, ചുവപ്പ് കാർഡുമാണ് കളി നിർണയിച്ചത്.

ജേക്കബ് മർഫി നൽകിയ താഴ്ന്ന ക്രോസിൽ നിന്ന് സാൻഡ്രോ ടൊണാലി രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ആതിഥേയർക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. സീസണിലെ ടൊണാലിയുടെ നാലാം ലീഗ് ഗോൾ ആയിരുന്നു ഇത്.
ആദ്യ പകുതിയിൽ തന്നെ നിക്കോളാസ് ജാക്സണ് ചുവപ്പ് കിട്ടിയത് കൂടുതൽ പ്രശ്നത്തിലേക്ക് ചെൽസിയെ എത്തിച്ചു. 35-ാം മിനിറ്റ് മുതൽ പത്ത് കളിക്കാരെ വെച്ചാണ് ചെൽസി കളിച്ചത്.
രണ്ടാം പകുതിയിൽ റീസ് ജെയിംസിലൂടെയും മാർക്ക് കുക്കുറെല്ലയിലൂടെയും അവർക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ന്യൂകാസിലിന്റെ ഗോൾകീപ്പർ നിക്ക് പോപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, 90-ാം മിനിറ്റിൽ ഡാൻ ബേൺ ഒരുക്കിയ ഒരു തന്ത്രപരമായ സെറ്റ്-പീസ് നീക്കത്തിൽ നിന്ന് ലഭിച്ച പന്ത് ബ്രൂണോ ഗ്വിമറെയ്സ് ഒരു ഡിഫ്ലെക്റ്റഡ് ഷോട്ടിലൂടെ വലയിലെത്തിച്ച് ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയം ന്യൂകാസിലിനെ മൂന്നാം സ്ഥാനത്തേക്ക് എത്തി. 36 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ് അവർക്ക് ഉള്ളത്. 63 പോയിന്റ് ഉള്ള ചെൽസി അഞ്ചാം സ്ഥാനത്താണ്. ഇനി 2 മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.