ഡച്ച് പ്രതിരോധ താരം ജോറൽ ഹാറ്റോയെ ചെൽസി ഔദ്യോഗികമായി സ്വന്തമാക്കി. 2032 വരെ നീണ്ടു നിൽക്കുന്ന കരാറിലാണ് 19-കാരനായ ഹാറ്റോ അയാക്സിൽ നിന്ന് ചെൽസിയിലെത്തിയത്. 16-ാം വയസ്സിൽ തന്നെ എറെഡിവിസിയിൽ അരങ്ങേറിയ ഹത്തോ, 17-ാം വയസ്സിൽ അയാക്സിന്റെ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച യുവപ്രതിരോധ താരങ്ങളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ശേഷമാണ് ഹാറ്റോ ബ്ലൂസിലേക്ക് ചേക്കേറുന്നത്.

സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും ഒരുപോലെ തിളങ്ങുന്ന ഈ യുവതാരം ടാക്കിളുകളിലെ കരുത്തിനും പന്തിലുള്ള ആത്മവിശ്വാസത്തിനും പേരുകേട്ടവനാണ്.
“ഞാൻ വളരെ ആവേശത്തിലാണ്, ഇവിടെയെത്തിയതിൽ അതിയായ സന്തോഷമുണ്ട്,” ലണ്ടനിലെത്തിയ ശേഷം ഹാറ്റോ പറഞ്ഞു.
“എന്റെ ഭാവിയെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു. അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഞാൻ ആഗ്രഹിച്ചു. അതിന് ചെൽസിയാണ് ഏറ്റവും മികച്ച സ്ഥലം.”
അന്താരാഷ്ട്ര തലത്തിൽ നെതർലാൻഡ്‌സിനായി ആറ് സീനിയർ മത്സരങ്ങൾ കളിച്ച ഹാറ്റോ ഈ വർഷം ആദ്യം നടന്ന UEFA അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നെതർലാൻഡ്‌സിനെ നയിച്ചിരുന്നു.