ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് പരാജയം. ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി ഫുൾഹാമിനോടാണ് തോറ്റത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ഫുൾഹാം പൊരുതി വിജയിക്കുക ആയിരുന്നു. 96ആം മിനുട്ടിലാണ് ഫുൾഹാം വിന്നർ നേടിയത്.
ഇന്ന് മത്സരം ആരംഭിച്ച് 15ആം മിനുട്ടിൽ കോൾ പാമറിലൂടെ ആണ് ചെൽസി ലീഡ് എടുത്തത്. ഫുൾഹാം ഡിഫൻഡേഴസിനിലൂടെ ഡ്രിബിൾ ചെയ്ത് മുന്നേറിയ പാൾമർ പന്ത് ഒരു നല്ല ഗ്രൗണ്ടറിലൂടെ ഗോൾ വലയ്ക്ക് അകത്തേക്ക് പ്ലേസ് ചെയ്യുക ആയിരുന്നു. സ്കോർ 1-0.
ഇതിനു ശേഷം ചെൽസിക്ക് നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കിലും കൂടുതൽ ഗോൾ നേടാൻ ആയില്ല. ഫുൾഹാമും ചെൽസിക്ക് മേൽ സമ്മർദ്ദം ഉയർത്തി. അവർ 81ആം മിനുട്ടിൽ സമനില കണ്ടെത്തി. വിൽസൺ ആണ് ഒരു ഹെഡറിലൂടെ ഗോൾ നേടിയത്.
ചെൽസി അവസാന നിമിഷങ്ങളിൽ അറ്റാക്ക് ശക്തമാക്കി എങ്കിലും ഫലമുണ്ടായില്ല. ഇത് ഫുൾഹാമിന് അവസരവും നൽകി. 96ആം മിനുട്ടിൽ റോഡ്രിഗോ മൂനിസിലൂടെ ഫുൾഹാം വിജയ ഗോളും കണ്ടെത്തി. ഈ തോൽവിയിലൂടെ ചെൽസി 35 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഫുൾഹാം 28 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.