സെൻ്റ് മേരീസ് സ്റ്റേഡിയത്തിൽ ചെൽസിയുടെ ആധിപത്യം. ലീഗിൽ ഏറ്റവും താഴെയുള്ള സതാംപ്ടനെ 5-1 നാണ് ചെൽസി പരാജയപ്പെടുത്തിയത്. 14 മത്സരങ്ങളിൽ നിന്ന് 28 പോയിൻ്റുമായി അവർ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.
ഏഴാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിൻ്റെ ഒരു കോർണറിൽ നിന്ന് ഹെഡ് ചെയ്ത് അക്സൽ ഡിസാസിയാണ് ചെൽസിയുടെ സ്കോറിങ്ങ് തുറന്നത്. 11-ാം മിനിറ്റിൽ കൈൽ വാക്കർ-പീറ്റേഴ്സിൻ്റെ അസിസ്റ്റിൽ നിന്ന് സതാംപ്ടൺ ജോ അരിബോയിലൂടെ സമനില കണ്ടെത്തി. എന്നിരുന്നാലും, ക്രിസ്റ്റഫർ എൻകുങ്കു പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പതിനേഴാം മിനിറ്റിൽ ലീഡ് പുനഃസ്ഥാപിച്ചതോടെ ചെൽസി പെട്ടെന്ന് നിയന്ത്രണം തിരിച്ചുപിടിച്ചു.
34-ാം മിനിറ്റിൽ ജോവോ ഫെലിക്‌സിൻ്റെ പാസിനെ പിന്തുടർന്ന് കൃത്യമായ ഫിനിഷിൽ നോനി മഡുകെ ചെൽസിക്കായി മൂന്നാം ഗോൾ നേടി. VAR റിവ്യൂവിന് ശേഷം 39-ാം മിനിറ്റിൽ ജാക്ക് സ്റ്റീഫൻസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ സതാംപ്ടൺ പ്രതിരോധത്തിലായി.
രണ്ടാം പകുതിയിലും ചെൽസി ആധിപത്യം തുടർന്നു. 76-ാം മിനിറ്റിൽ എൻകുങ്കുവിൻ്റെ അസിസ്റ്റിൽ മിന്ന് കോൾ പാമർ സീസണിലെ തൻ്റെ ഒമ്പതാം ഗോൾ നേടി. 87-ാം മിനിറ്റിൽ ചെൽസിക്കായി തൻ്റെ ആദ്യ ഗോൾ നേടിയ ജാദൻ സാഞ്ചോ വിജയം ഉറപ്പിച്ചു.
14 മത്സരങ്ങളിൽ നിന്ന് 5 പോയിൻ്റുമായി സതാംപ്ടൺ ടേബിളിൻ്റെ ഏറ്റവും താഴെയായി തുടരുന്നു.