ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ ചെൽസിക്ക് സമനില. 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്. കളിയുടെ 35-ാം മിനിറ്റിൽ കെവിൻ ഷേഡിയിലൂടെ ബ്രെന്റ്ഫോർഡ് ലീഡ് നേടി. ജോർദാൻ ഹെൻഡേഴ്സന്റെ ഒരു ലോംഗ് ബോൾ സ്വീകരിച്ച് ചെൽസി ഗോളി സാഞ്ചസിനെ മറികടന്ന് ഷേഡ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

പന്തടക്കത്തിൽ ചെൽസി മുന്നിലായിരുന്നെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല, 1-0ന് പിന്നിലായിട്ടാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി മാറ്റങ്ങൾ വരുത്തിയതോടെ ആക്രമണത്തിന് കൂടുതൽ മൂർച്ച കൂടി. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ കോൾ പാമർ 61-ാം മിനിറ്റിൽ സമനില ഗോൾ നേടി. പെഡ്രോയുടെ ഒരു ഹെഡർ ഫ്ലിക്കിൽ നിന്ന് ലഭിച്ച പന്ത് പാമർ ഒരു ഫസ്റ്റ് ടൈം ഹാഫ് വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ചെൽസി സമ്മർദ്ദം ചെലുത്തി. ഫെർണാണ്ടസിന്റെ കോർണറിൽ നിന്ന് ലഭിച്ച പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചു, ബ്രെന്റ്ഫോർഡ് താരം പിനോക്കിന്റെ മികച്ചൊരു പ്രതിരോധവും അവർക്ക് തിരിച്ചടിയായി. 85-ാം മിനിറ്റിലാണ് വിജയഗോൾ പിറന്നത്. പകരക്കാരനായി വന്ന ഗാർനാച്ചോയുടെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്ത് ചെൽസി മിഡ്ഫീൽഡർ മോയ്സസ് കൈസെഡോ ബ്രെന്റ്ഫോർഡ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഒരു കിടിലൻ ഷോട്ടിലൂടെ വലയിലെത്തിച്ച് ചെൽസിക്ക് ലീഡ് നൽകി.
95ആം മിനുറ്റിൽ ഒരു ലോംഗ് ത്രോയിൽ ഫാബിയോ കാർവാലോയിലൂടെ ബ്രെന്റ്ഫോർഡ് സമനില നേടി. ചെൽസിയുടെ സീസണിലെ രണ്ടാം സമനിലയാണ് ഇത്.