വസ്ത്രം മാറുന്ന ലാഘവത്തോടെ മാനേജർമാരെ മാറ്റുന്ന വാട്ഫോർഡ് ഇത്തവണയും കാര്യങ്ങൾ പഴയ പടിതന്നെ എന്ന് തെളിയിച്ചു. ചാമ്പ്യൻഷിപ്പിലെ പത്ത് മത്സരങ്ങൾക്ക് ശേഷം കോച്ച് റോബ് എഡ്വാർഡ്സിനെ ക്ലബ്ബ് പുറത്താക്കിയിരുന്നു. വെസ്റ്റ്ഹാം, വെസ്റ്റ്ബ്രോം ആൽബിയോൺ എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള സ്ലാവൻ ബിലിച്ച് ആണ് പുതുതായി ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാൻ എത്തുന്നത്. പതിനെട്ട് മാസത്തെ കരാർ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ ആദ്യ പത്ത് മത്സരങ്ങൾ തീരുമ്പോൾ പത്താം സ്ഥാനത്ത് മാത്രമാണ് വാട്ഫോർഡ് നിലവിൽ. മൂന്ന് വിജയങ്ങൾ മാത്രമാണ് നേടാൻ ആയത്. മുൻപ് വെസ്റ്റ്ബ്രോമിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുള്ള ബിലിച്ചിന് ഇവിടെയും അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കുമെന്നാവും ക്ലബ്ബ് കണക്ക് കൂട്ടുന്നത്. എന്തായാലും പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ഡിസംബറിലോ ജനുവരിയിലോ ബിലിച്ചിനെയും പുറത്താക്കാൻ വാട്ഫോർഡ് മടിക്കില്ല എന്ന് അറിഞ്ഞു തന്നെയാവും അദ്ദേഹവും കരുക്കൾ നീക്കുന്നത്.