ഇന്ന് ചാമ്പ്യൻഷിപ്പ് സീസൺ അവസാനിച്ചതോടെ ആരൊക്കെ പ്രീമിയർ ലീഗിൽ എത്താനുള്ള പ്ലേ ഓഫ് കളിക്കും എന്ന് തീരുമാനമായി. ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കിയ നോർവിച് സിറ്റിയും ഷെഫീൽഡ് യുണൈറ്റഡും പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഇനി പ്രൊമോഷൻ കിട്ടുന്ന മൂന്നാം ടീമിനെ അറിയാനുള്ള പ്ലെ ഓഫാണ് നടക്കേണ്ടത്.
ചാമ്പ്യൻഷിപ്പിൽ മൂന്ന് മുതൽ ആറു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരാണ് പ്ലേ ഓഫിൽ ഏറ്റുമുട്ടുക. പ്ലേ ഓഫിൽ ലീഡ്സ് യുണൈറ്റഡ് ഡെർബി കൗണ്ടിയെയും, വെസ്റ്റ് ബ്രോം ആസ്റ്റൺ വില്ലയെയും നേരിടും. പരിശീലകനായ ആദ്യ സീസണിൽ തന്നെ തന്റെ ടീമിന് പ്ലേ ഓഫിൽ യോഗ്യത നേടി കൊടുത്ത് ചെൽസി ഇതിഹാസം ലാമ്പാർട് ആണ് തന്റെ പരിശീലകനാവാനുള്ള തീരുമാനം തെറ്റായിരുന്നില്ല എന്ന് തെളിയിക്കുക കൂടെ ചെയ്തു.
ലാമ്പാർഡിന്റെ ടീമായ ഡെർബി കൗണ്ടി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പ്ലേ ഓഫിന് യോഗ്യത നേടിയത്. ഇന്ന് നിർണായക മത്സരത്തിൽ വെസ്റ്റ് ബ്രോമിനെ തോൽപ്പിച്ചായിരുന്നു ലാമ്പാർഡ് ഡെർബിയുടെ ആറാം സ്ഥാനം ഉറപ്പിച്ചത്. സീസണിൽ 46 മത്സരങ്ങളിൽ 20 ജയങ്ങളോടെ 74 പോയന്റാണ് ഡെർബി കൗണ്ടി ഈ സീസണിൽ സ്വന്തമാക്കിയത്. ലീഡ്സിനെ ആണ് ലാമ്പാർഡിന്റെ ടീം പ്ലേ ഓഫിൽ നേരിടേണ്ടത്. പ്ലേ ഓഫ് മത്സരങ്ങൾ ജയിച്ച് പ്രീമിയർ ലീഗിലേക്ക് ലാമ്പാർഡ് മടങ്ങി വരുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.