ലീഡ്സ് യുണൈറ്റഡിന്റെ ഭൂരിഭാഗം ഷെയറുകളും അമേരിക്കൻ ഗ്രൂപ്പും അമേരിക്കൻ എൻ.എഫ്.എൽ ടീം സാൻ ഫ്രാൻസിസ്കോ 49ers ഉടമകളും ആയ 49ers എന്റർപ്രെസിന് വിൽക്കാൻ തയ്യാറായി ലീഡ്സ് ചെയർമാൻ ആന്ദ്രയ റാഡ്രിസാനി. 2018 മുതൽ ലീഡ്സിന്റെ 10 ശതമാനം ഷെയർ ഹോൾഡേഴ്‌സ് ആയ അമേരിക്കൻ ഗ്രൂപ്പ് 2021 ൽ 44 ശതമാനം ഷെയറുകൾ സ്വന്തമാക്കിയിരുന്നു. 2024 നു മുമ്പ് മറ്റ് ഷെയറുകൾ മേടിക്കാനുള്ള കരാർ ഉണ്ടായിരുന്ന അമേരിക്കൻ ഗ്രൂപ്പ് ഈ വർഷത്തെ പ്രീമിയർ ലീഗ് തരം താഴ്ത്തലിന് ശേഷം ഏകദേശം 170 മില്യൺ പൗണ്ടിനു ആണ് ബാക്കിയുള്ള ഷെയറുകൾ സ്വന്തമാക്കാൻ ധാരണയിൽ എത്തിയത്.
2017 ൽ മറ്റൊരു ഇറ്റാലിയൻ ഉടമയായ മാസിനോ സെല്ലിനോയിൽ നിന്നു ക്ലബ് വാങ്ങിയ റാഡ്രിസാനി ആദ്യം ലീഡ്സ് ആരാധകരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു. വിഖ്യാതമായ തങ്ങളുടെ എലന്റ് റോഡ് സ്റ്റേഡിയം തിരിച്ചു മേടിച്ചതും ഇതിഹാസ പരിശീലകൻ മാർസെലോ ബിയെൽസയെ പരിശീലകൻ ആയി കൊണ്ടു വന്നതും തുടർന്ന് 16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചു എത്തിയതും ഒക്കെ ഇറ്റാലിയൻ ഉടമക്ക് ലീഡ്സ് ആരാധകർക്ക് ഇടയിൽ വലിയ സ്ഥാനം നേടി നൽകി. എന്നാൽ ബിയെൽസയെ പുറത്താക്കിയ റാഡ്രിസാനിയുടെ തീരുമാനം ആരാധകരും അദ്ദേഹവും തമ്മിലുള്ള ബന്ധങ്ങൾ ഉലച്ചു. തുടർന്ന് ഈ വർഷത്തെ അവസാന മത്സരത്തിൽ തരം താഴ്ത്തൽ നേരിട്ടപ്പോൾ കളി കാണാൻ അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല.
പകരം തന്റെ ഇറ്റാലിയൻ ക്ലബ് സന്ദോറിയയെ പൂർണമായും സ്വന്തമാക്കുന്ന തിരക്കിൽ ആയിരുന്നു അദ്ദേഹം. പിന്നീട് തരം താഴ്ത്തലിന് ശേഷം ആരാധകരോട് അദ്ദേഹം ക്ഷമ പറഞ്ഞു എങ്കിലും സന്ദോറിയയെ വാങ്ങാൻ തന്റെ മറ്റ് കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള ലീഡ്സിന്റെ എലന്റ് റോഡ് സ്റ്റേഡിയം പണയം വച്ചു 26 മില്യൺ പൗണ്ട് വായ്പ എടുത്തു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ അദ്ദേഹവും ആരാധകരും ബന്ധം കൂടുതൽ മോശമാവുക ആണ് ഉണ്ടായത്. നിലവിൽ എത്രയും പെട്ടെന്ന് പ്രീമിയർ ലീഗിലേക്ക് തിരിച്ചു എത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു അമേരിക്കൻ ഉടമകൾ ക്ലബ് ഏറ്റെടുത്ത ശേഷം പ്രഖ്യാപിച്ചു.