ചാമ്പ്യൻസ് ലീഗിൽ വലൻസിയക്ക് അപ്രതീക്ഷിത സമനില. ഇന്ന് സ്വിറ്റ്സർലാന്റ് ക്ലബായ യങ് ബോയ്സിനെ നേരിട്ട വലൻസിയ 1-1 എന്ന സ്കോറിന്റെ സമനില ആണ് വഴങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസുമുള്ള ഗ്രൂപ്പിൽ യങ് ബോയ്സിനെതിരെ സമനില വഴങ്ങി എന്നത് വലൻസിയയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്.
ആദ്യ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടും യുവന്റസിനോടും യങ് ബോയ്സ് പരാജയപ്പെട്ടിരുന്നു. ഇന്ന് 26ആം മിനുട്ടിൽ ബാറ്റ്ഷുവായി വലൻസിയക്ക് ലീഡ് നേടിക്കൊടുത്തിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ യങ് ബോയ്സ് സമനില സ്വന്തമാക്കി. 55ആം മിനുട്ടിൽ ഹൊവറാവു ആണ് യങ് ബോയ്സിന് സമനില നേടിക്കൊടുത്തത്. യങ് ബോയ്സിന്റെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ആദ്യ ഗോളാണിത്.
ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വലൻസിയക്ക് 2 പോയന്റു മാത്രമാണുള്ളത്. കഴിഞ്ഞ കളിയിൽ വലൻസിയക്കെതിരെ ഓൾഡ് ട്രാഫോർഡിൽ സമനില വഴങ്ങേണ്ടി വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് ഈ ഫലം കൂടുതൽ സന്തോഷം നൽകുക. ഇനി യുവന്റസിനെയോ മാഞ്ചസ്റ്റർ യുണൈറ്റഡിനെയോ തോൽപ്പിച്ചാലെ വലൻസിയക്ക് നോക്കൗട്ട് പ്രതീക്ഷ വരികയുള്ളൂ.