യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനോട് അവസാന നിമിഷ ഗോളിൽ വിജയിച്ചു. 95ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിലാണ് റയൽ മാഡ്രിഡ് ഇന്ന് വിജയിച്ചത്.
ഇന്ന് റയലിന്റെ ഹോം ഗ്രൗണ്ടിൽ തുടക്കം മുതൽ റയൽ മാഡ്രിഡിന്റെ ആധിപത്യം ആയിരുന്നു കാണാൻ ആയത്. ഒന്നിനു പിറകെ ഒന്നായി അവർ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഒരു അവസരവും ലക്ഷ്യത്തിൽ എത്തിക്കാൻ റയലിന് ആയില്ല. ഒരു നല്ല സ്ട്രൈക്കറെ ടീമിൽ എത്തിക്കാത്തതിന്റെ പ്രശ്നങ്ങൾ റയലിന്റെ മുന്നേറ്റ നിരയിൽ കണ്ടു. റോഡ്രിഗോയുടെ ഉൾപ്പെടെ റയലിന്റെ രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.
ജൂഡ് ബെല്ലിങ്ഹാമിന്റെ ഷോട്ടുകളും ലക്ഷ്യത്തിൽ എത്തിയില്ല. ലക്ഷ്യത്തിലേക്ക് പോയ ഷോട്ടുകൾ യൂണിയൻ ബെർലിൻ കീപ്പർ റോണോയുടെ കയ്യിൽ ഭദ്രവുമായിരുന്നു. 29 ഷോട്ടുകളോളം തൊടുത്തിട്ടും റയൽ ഗോൾ നേടാതെ കഷ്ടപ്പെട്ടു. അവസാനം ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ജൂഡ് റയലിന്റെ വിജയ ഗോൾ നേടി. ആറു മത്സരങ്ങളിൽ നിന്ന് ജൂഡിന്റെ അറാം ഗോളായി ഇത്.