ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിന് ഒരിക്കൽ കൂടി സാൻ സിറോ വേദിയാകുമ്പോൾ ഫൈനലിൽ മിലാന്റെ ഒരു ടീം ഉറപ്പ്. ആദ്യ പാദത്തിൽ നേടിയ രണ്ടു ഗോളുകളുടെ വ്യക്തമായ മുൻതൂക്കം നൽകുന്ന ഊർജത്തിലാണ് ഇന്റർ കളത്തിൽ എത്തുന്നത് എങ്കിൽ. റഫയേൽ ലിയോയുടെ തിരിച്ചു വരവാണ് എസി മിലാന്റെ കരുത്ത്. ബുധനാഴ്ച്ച പുലർച്ചെ 12.30ന് ആരംഭിക്കുന്ന മത്സരം ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒരു ടീമിനെ നിർണയിക്കും.
തികച്ചും ആത്മവിശ്വാസത്തോടെയാണ് ഇന്റർ മിലാൻ കളത്തിൽ എത്തുന്നത്. ആദ്യ പാദത്തിൽ രണ്ടു ഗോൾ എന്നതിനു പുറമെ നഗരവൈരികളെ സകല മേഖലയിലും പിന്തള്ളാൻ അവർക്കായി. മുന്നേറ്റത്തിൽ സെക്കോ മുതൽ പോസ്റ്റിന് കീഴിൽ ഓനാന വരെ എണ്ണയിട്ട യന്ത്രം പോലെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പരിക്കേറ്റ സക്രിനിയർ ഒഴികെ ബാക്കി മുഴുവൻ താരങ്ങളും ടീമിന് വേണ്ടി കളത്തിൽ ഇറങ്ങാൻ സജ്ജരാണ്. പതർച്ചയോടെ തുടങ്ങിയ സീസണിന് അതി ഗംഭീരമായ നാന്ദി കുറിക്കുവാൻ ഇൻസാഗിക്കും എസി മിലാന് മുകളിൽ മറ്റൊരു ആധികാരിക പ്രകടനം കൂടി ആവശ്യമാണ്. ഇന്റർ ടീമിൽ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. സെക്കോയും മർട്ടിനസും ചേർന്ന മുന്നേറ്റവും ചൽഹനോഗ്ലു, മഖിതാരിയൻ, ബരെല്ല എന്നിവർ അടങ്ങുന്ന മധ്യനിരയും തന്നെ പിച്ചിൽ കാണും. അസെർബിക്കും ബാസ്‌തോണിക്കും കൂട്ടായി ഡാർമിയൻ പ്രതിരോധത്തിൽ എത്തും. ലുക്കാകു ഒരിക്കൽ കൂടി പകരക്കാരനായി കളത്തിൽ ഉണ്ടാവും.
റഫയേൽ ലിയോയുടെ തിരിച്ചു വരവാണ് എസി മിലാൻ ക്യാമ്പിലെ പ്രധാന വാർത്ത. പരിക്ക് ഭേദമായെങ്കിലും കളത്തിൽ ഇറങ്ങാൻ പൂർണ സജ്ജനാവാത്ത താരത്തെ പിയോളോ എങ്ങനെ ഉപയോഗിക്കും എന്നത് കണ്ടറിയേണ്ടതാണ്. രണ്ടു ഗോളുകൾ എങ്കിലും നേടേണ്ട സ്ഥിതിയിൽ ആദ്യ ഇലവനിൽ തന്നെ താരത്തെ കണ്ടാലും അത്ഭുതപ്പെടേണ്ട. ബെന്നാസെറും പരിക്കിന്റെ പിടിയിൽ ആയതിനാൽ ഇടത് വിങ്ങിൽ ലിയോയെ തന്നെ തുടക്കം മുതൽ ആശ്രയിക്കാൻ മിലാൻ നിർബന്ധിതരും ആവും. മധ്യനിരയിൽ ക്രുണിച്ചിന് പരിക്ക് ആയതിനാൽ പോബെഗ ആദ്യ ഇലവനിലേക്ക് എത്തിയേക്കും. കീപ്പർ മെയ്ഗ്നന് മുന്നിൽ കലബ്രിയ, ടോമോരി, ഖയെർ, തിയോ എന്നിവർ തന്നെ അണിനിരക്കും. രണ്ടു ഗോൾ കടം ഉള്ളതിനാൽ കൂടുതൽ ഗോളുകൾ വഴങ്ങാതെ നിൽക്കേണ്ടതും എസി മിലാന് അത്യാവശ്യമാണ്.
അതേ സമയം സമീപകാല ഫോമും എസി മിലാന് തിരിച്ചടി ആണ്. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്‌പെസിയയോട് തോൽവി നേരിട്ടപ്പോൾ ഇന്റർ രണ്ടിനെതിരെ നാല് ഗോളുകൾക്ക് സസുളോയെ തകർത്തു. ആകെ മത്സരങ്ങൾ എടുത്താലും തുടർച്ചായി എസി മിലാനെ കീഴടക്കി കൊണ്ടാണ് ഇന്ററിന്റെ മുന്നേറ്റം. ഒരു ഗംഭീര തിരിച്ചു വരവിന് വേണ്ടി എസി മിലാൻ ആരാധകർ കൊതിക്കുന്നതും അത് കൊണ്ട് തന്നെ.