ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരൊക്കെ തമ്മിൽ എന്ന് ജൂലൈ 10ന് അറിയാം. ക്വാർട്ടർ ഫൈനൽ നറുക്ക് ജൂലൈ 10ന് നടക്കും എന്ന് യുവേഫ അറിയിച്ചു. പ്രീക്വാർട്ടർ മത്സരങ്ങൾ ഇനിയും ശേഷിക്കുന്നുണ്ടെങ്കിലും ക്വാർട്ടർ ഡ്രോ നടത്താൻ ആണ് യുവേഫയുടെ തീരുമാനം. ബാഴ്സലോണ vs നാപോളി, യുവന്റസ് vs ലിയോൺ, റയൽ vs മാഞ്ചസ്റ്റർ സിറ്റി, ചെൽസി vs ബയേൺ എന്നീ മത്സരങ്ങൾ ആണ് ഇനി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബാക്കിയുള്ളത്.
അത്ലറ്റിക്കോ മാഡ്രിഡ്, പി എസ് ജി, അറ്റലാന്റ, ലെപ്സിഗ് എന്നിവർ ഇതിനകം തന്നെ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. ഇത്തവണ ക്വാർട്ടറിൽ ഒരു പാദ മത്സരം മാത്രമേ ഉള്ളൂ എന്നതിനാൽ തന്നെ ചാമ്പ്യൻസ് ലീഗിൽ ആവേശ പോരാട്ടം തന്നെ കാണാൻ ആകും. ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ബാക്കി മത്സരങ്ങൾക്ക് പോർച്ചുഗൽ നഗരമായ ലിസ്ബൺ ആകും വേദിയാവുക. ഓഗസ്റ്റ് ഏഴ് മുതൽ ബാക്കിയുള്ള പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് 23നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ. ഓഗസ്റ്റ് 21ന് യൂറോപ്പ ഫൈനലും നടക്കും.