ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് ലിസ്ബണിൽ തുടക്കം. കൊറോണ കാരണം ഒറ്റ മത്സരമായാണ് നോക്കൗട്ടിലെ ഒരോ റൗണ്ടിലും നടക്കുന്നത്. പതിവ് പോലെ രണ്ട് പാദങ്ങളായ മത്സരമില്ല. ഇന്ന് ആദ്യ ക്വാർട്ടറിൽ രണ്ട് അറ്റാക്കിങ് ടീമുകളാണ് നേർക്കുനേർ വരുന്നത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയും ഇറ്റലിയിൽ ഈ സീസണിൽ ഏറ്റവും മികച്ച ഫുട്ബോൾ കാഴ്ചവെച്ച അറ്റലാന്റയുമാണ് ഇന്ന് സെമി തേടി ഇറങ്ങുന്നത്.
ഫ്രാൻസിൽ മൂന്ന് കിരീടങ്ങൾ നേടി മികച്ച ഫോമിലാണ് പി എസ് ജി ഉള്ളത്. എന്നാൽ പി എസ് ജിക്ക് പ്രശ്നങ്ങൾ ഏറെയുണ്ട്. അവരുടെ പ്രധാന താരങ്ങളിൽ പലരും ഇന്ന് ഉണ്ടാകില്ല. സ്ട്രൈക്കർ എമ്പപ്പെ, മധ്യനിര താരം വെറാട്ടി, അറ്റാക്കിംഗ് താരം ഡി മറിയ എന്നിവർ ഇന്ന് കളിക്കില്ല എന്ന് ഉറപ്പാണ്. എമ്പപ്പെയ്ക്കും വെറാട്ടിക്കും പരിക്കാണ്. ഡിമറിയ സസ്പെൻഷനിലുമാണ്. പരിക്കിന്റെ പിടിയിൾ ഉള്ള ഇക്കാർഡിയുടെ കാര്യത്തിലും ചെറിയ സംശയമുണ്ട്.
ഇങ്ങനെ ഒക്കെ ആയതിനാൽ നെയ്മറിലാകും പി എസ് ജിയുടെ എല്ലാ പ്രതീക്ഷയും. ചാമ്പ്യൻസ് ലീഗെന്ന പി എസ് ജിയുടെ വലിയ സ്വപ്നത്തിലേക്ക് നെയ്മറിന് ക്ലബിനെ അടുപ്പിക്കാൻ ആകുമെന്ന് ആരാധകരും വിശ്വസിക്കുന്നു. മറുവശത്ത് അറ്റലാന്റ ഗംഭീര ഫോമിലാണ്. ഇറ്റലിയിലെ സ്കോറിംഗ് റെക്കോർഡുകൾ ഒക്കെ തകർത്ത അറ്റലാന്റ ഇന്നും അവരുടെ ആക്രമണ ഫുട്ബോൾ തന്നെയാകും കാഴ്ചവെക്കുക. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സയം സോണി നെറ്റ്വർക്കിൽ കാണാം.