ചാമ്പ്യൻസ് ലീഗിലെ ആദ്യ എട്ട് സ്ഥാനങ്ങൾക്കായുള്ള മത്സരം ചൂടുപിടിക്കുകയാണ്. പ്ലേ ഓഫ് ഇല്ലാതെ നേരിട്ട് അടുത്ത റൗണ്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും പ്ലേ ഓഫ് യോഗ്യത എങ്കിലും ആഗ്രഹിക്കുന്നവർക്കും ഇനി ബാക്കിയുള്ളത് 2 മത്സരങ്ങൾ മാത്രം.
ലിവർപൂളും ബാഴ്‌സലോണയും ഇതിനകം തന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചു. ചുരുങ്ങിയത് പ്ലേ ഓഫിൽ എങ്കിലും അവർ ഇടം നേടും. അതേസമയം, പാരീസ് സെൻ്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ ആദ്യ 24ൽ ഫിനിഷ് ചെയ്യാൻ വരെ വിയർക്കുകയാണ്.
18 പോയിൻ്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും ബാഴ്‌സലോണ 1 പോയിന്റുമായി തൊട്ടുപിന്നിലും ഉണ്ട്. ഇൻ്റർ മിലാൻ, എസി മിലാൻ, അറ്റലാൻ്റ, യുവൻ്റസ് എന്നിവർ ആദ്യ എട്ടിലേക്ക് മുന്നേറാൻ ആകുന്ന പൊസിഷനിലാണ് ഉള്ളത്. 13 പോയിൻ്റുമായി ആറാം സ്ഥാനത്താണ് ഇൻ്റർ മിലാൻ ഉള്ളത്. എസി മിലാൻ തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ച് 12-ാം സ്ഥാനത്തേക്ക് ഉയർന്നു. 11 പോയിൻ്റുള്ള അറ്റലാൻ്റയും യുവൻ്റസും ടോപ് 8 നഷ്ടപ്പെട്ടാലും പ്ലേ ഓഫ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ്.
പുതിയ ലീഗ് ഫോർമാറ്റ് പ്രകാരം ഓരോ ടീമും ഹോം, എവേ ആയി എട്ട് മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്നു. 9 മുതൽ 24 വരെ സ്ഥാനത്തുള്ള ടീമുകൾ നോക്കൗട്ട് പ്ലേ ഓഫ് കളിച്ച് വേണം അടുത്ത റൗണ്ട് എത്താൻ. 24-ാം സ്ഥാനത്തിനപ്പുറമുള്ള ക്ലബ്ബുകളുടെ യൂറോപ്യൻ പ്രചാരണങ്ങൾ അവസാനിക്കും.
ഫോം കണ്ടെത്താൻ പാടുപെടുന്ന PSG 25-ാം സ്ഥാനത്താണ്. യൂറോപ്പിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും യഥാക്രമം 22, 20 സ്ഥാനങ്ങളിലാണ്. ഇന്നലെ യുവന്റസിനോട് തോറ്റതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. വെറും രണ്ട് പോയിൻ്റുള്ള ബൊലോഗ്ന, യംഗ് ബോയ്‌സ്, ലെപ്‌സിഗ്, സ്ലോവൻ ബ്രാറ്റിസ്‌ലാവ എന്നിവർ എലിമിനേഷൻ ഉറപ്പിച്ചു.