ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ലിയോണിൽ യുവന്റസിനു തോൽവി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാർ ആയ യുവന്റസിനു തോൽവി. ഫ്രഞ്ച് ടീം ആയ ഒളിമ്പിക് ലിയോൺ ആണ് സാരിയുടെ യുവന്റസിനെ ഒരു ഗോളിന് മറികടന്നത്. ലീഗിലെ മികച്ച ഫോമുമായി ഫ്രാൻസിൽ എത്തിയ ഇറ്റാലിയൻ ടീമിന് പക്ഷെ അത്ര മികച്ച ഫോമിൽ അല്ലാത്ത ലിയോണിനെ മറികടക്കാൻ ആയില്ല. 63 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും 14 ഷോട്ടുകൾ ഉതിർത്തിട്ടും ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉന്നം വക്കാൻ യുവന്റസിനു ആയില്ല.

റോണോൾഡോ അടക്കമുള്ള പല യുവന്റസ് താരങ്ങളും നിറം മങ്ങിയ മത്സരത്തിൽ 31 മിനിറ്റിൽ ലൂക്കാസ് തുസാർട്ടിന്റെ ഗോളിന് ആണ് ഫ്രഞ്ച് ടീം ജയം കണ്ടത്. പ്രതിരോധ താരം ഡി ലിയിറ്റിന് തലയിൽ പരിക്ക് ഏറ്റു എങ്കിലും താരം മത്സരം പൂർത്തിയാക്കിയത് യുവന്റസിനു ആശ്വാസം ആയി. മികച്ച രീതിയിൽ യുവന്റസിനെ പ്രതിരോധിച്ച പ്രത്യാക്രമണങ്ങളിലൂടെ ഇറ്റാലിയൻ ടീമിനെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഹിഗ്വയിനെ കൊണ്ട് വന്ന സാരിക്ക് പക്ഷെ സമനില പോലും പിടിക്കാൻ സാധിച്ചില്ല.

ഇത് ചരിത്രത്തിൽ ആദ്യമായാണ് ലിയോൺ യുവന്റസിനെ തോല്പിക്കുന്നത്, സീസണിൽ ഇത് രണ്ടാം തവണയാണ് യുവന്റസ് ഒരു മത്സരത്തിൽ ഗോൾ അടിക്കാൻ പരാജയപ്പെടുന്നത്. പ്രതിരോധത്തിനു ഒപ്പം മധ്യനിരയിൽ ബ്രസീലിയൻ താരം ബ്രൂണോ ഗുയിമാരസിന്റെ മികച്ച പ്രകടനം ലിയോൺ വിജയത്തിൽ പ്രധാനമായി. യുവന്റസിൽ ആവട്ടെ ഡിബാല മാത്രമാണ് അൽപ്പം എങ്കിലും മികച്ച പ്രകടനം പുറത്ത് എടുത്തത്. എന്നാൽ ടൂറിനിൽ സ്വന്തം മൈതാനത്ത് മാർച്ച് 18 നു നടക്കുന്ന രണ്ടാം പാടമത്സരത്തിൽ മത്സരത്തിൽ തിരിച്ചു വരാൻ ആവും യുവന്റസ് ശ്രമം.