ഷെരീഫിനെ വീണ്ടും ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ഇന്റർ മിലാൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഷെരീഫ് തിരസ്പോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ഇന്റർ മിലാൻ. മത്സരത്തിൽ 22 ഷോട്ടുകൾ ഉതിർത്ത ഇറ്റാലിയൻ ചാമ്പ്യനമാർ 65 ശതമാനം സമയം പന്ത് കൈവശം വക്കുകയും ചെയ്തു. നിരവധി അവസരങ്ങൾ തുറന്നു എങ്കിലും ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. 54 മത്തെ മിനിറ്റിൽ ആർത്തുറോ വിദാലിന്റെ പാസിൽ നിന്നു മാർസലോ ബ്രോസോവിച് ആണ് ഇന്ററിന് മത്സരത്തിലെ ആദ്യ ഗോൾ സമ്മാനിച്ചത്‌. തുടർന്ന് 64 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച പന്ത് വലയിലാക്കിയ മിലാൻ സ്ക്രിനിയാർ ഇന്ററിന് രണ്ടാം ഗോളും സമ്മാനിച്ചു.

തുടർന്ന് 82 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ബ്രോസോവിച് നൽകിയ പാസിൽ നിന്നു ഇന്ററിന്റെ മൂന്നാം ഗോൾ നേടിയ അലക്സിസ് സാഞ്ചസ് ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. ഇഞ്ച്വറി സമയത്ത് സെബാസ്റ്റ്യൻ തിലിന്റെ ഫ്രീക്കിക്കിൽ നിന്ന് ഹെഡറിലൂടെ ഗോൾ നേടിയ ആദാമ ട്രയോറയാണ് ഷെരീഫിനായി ആശ്വാസ ഗോൾ നേടിയത്. നിലവിൽ ഗ്രൂപ്പ് ഡിയിൽ റയൽ മാഡ്രിഡിന് പിറകിൽ ഏഴു പോയിന്റുകളും ആയി ഇന്റർ രണ്ടാമതും ആറു പോയിന്റുകൾ ഉള്ള ഷെരീഫ് മൂന്നാം സ്ഥാനത്തും ആണ്. അതിനാൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയുള്ള രണ്ടു മത്സരവും ഇരു ടീമുകൾക്കും നിർണായകമാണ്.