2019-20 ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിലെ ഡ്രോയിൽ നാല് സ്പാനിഷ് ടീമുകളാണ് ഉൾപ്പെട്ടത്. റയൽ മാഡ്രിഡ്, അത്ലെറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, വലൻസിയ എന്നീ ടീമുകളെ അവരുടെ എതിരാളികളെ അറിഞ്ഞു.
ഗ്രൂപ്പ് എയിലാണ് റയൽ മാഡ്രിഡിന്റെ സ്ഥാനം. പിഎസ്ജി, ബ്രൂഗ്സ്,ഗലറ്റസരായ് എന്നീ ടീമുകളോടൊപ്പമാണ് സിനദിൻ സിദാന്റെ റയലും. അടുത്ത ഘട്ടത്തിലേക്ക് റയലും പിഎസ്ജിയും കടക്കുമെന്നുറപ്പാണ്. കഴിഞ്ഞ 6 ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിൽ 4 എണ്ണവും നേടിയത് റയൽ മാഡ്രിഡാണ്.
അതേ സമയം ബാഴ്സലോണ ഗ്രൂപ്പ് എഫിലാണ്. ബൊറുസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ,സ്ലാബിയ പ്രാഗ് എന്നിവരാണ് ഗ്രൂപ്പ് എഫിലെ ബാഴ്സയുടെ എതിരാളികൾ. 8 ലാ ലീഗ കിരീടങ്ങൾ സമീപകാലത്ത് നേടിയ ബാഴ്സലോണ 2015 നു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയിട്ടില്ല. ഡിയോഗോ സിമിയോണിയും അത്ലെറ്റിക്കോ മാഡ്രിഡും വീണ്ടും യുവന്റസിനോടേറ്റു മുട്ടും.
കഴിഞ്ഞ സീസണിൽ നോക്കൗട്ട് സ്റ്റേജിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് യുവന്റസ് അത്ലെറ്റിക്കോയെ പരാജയപ്പെടുത്തിയത്. ജർമ്മൻ ടീമായ ബയേർ ലെവർകൂസനും ലോക്കോമോട്ടീവ് മോസ്കോയുമാണ് ഗ്രൂപ്പ് ഡിയിലെ മറ്റു എതിരാളികൾ. ഗ്രൂപ്പ് എച്ചിൽ യൂറോപ്പ ചാമ്പ്യന്മാരായ ചെൽസിക്കും കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ അയാക്സിനും ഫ്രഞ്ച് ടീമായ ലില്ലെയ്ക്കും ഒപ്പമാണ് വലൻസിയ. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ തോൽവി മറക്കാനുതകുന്ന പ്രകടനമാവും വലൻസിയ ലക്ഷ്യം വെക്കുന്നത്.













