ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഹോഫൻഹെയിമിന് സമനില

- Advertisement -

ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരത്തിൽ ഹോഫൻഹെയിമിന് സമനില. ഉക്രേനിയന് ടീമായ ശാക്തറുമായുള്ള മത്സരമാണ് സമനിലയിലായത്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ചാണ് പോയന്റ് പങ്കിട്ടത്.

ഫ്ലോറിയാൻ ഗ്രിലിഷ്, ഹവാർഡ് നോർടെയിവിറ്റ് എന്നിവരാണ് ഹോഫൻഹെയിമിന് വേണ്ടി ഗോളടിച്ചത്. ഇസ്മൈലിയും മൈക്കോണുമാണ് ശാക്തറിനു വേണ്ടി ഗോളടിച്ചത്. ജൂലിയൻ നൈഗൽസ്മാന്റെയും ടീമിൻെറയും ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം മികച്ചതായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന പതിമൂന്നാമത്തെ ജർമ്മൻ ടീമായി ഹോഫൻഹെയിം ചരിത്രമെഴുതി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ടീമുകൾ കളിച്ചെന്ന റെക്കോർഡ് ജർമ്മനിക്ക് സ്വന്തമായി. ഇതിനു മുൻപ് സ്പെയിനായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ സർവ്വാധിപത്യം ഹോഫൻഹെയിമിനായിരുന്നു. ഹോഫൻഹെയിമിന്റെ രണ്ടു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ഹോഫൻഹെയിം മൈക്കോണിന്റെ സ്റ്റണ്ണറിലാണ് സമനിലയിൽ കുരുങ്ങിയത്. അവസാന നിമിഷങ്ങളിൽ ഹോഫ്‌ഫെൻഹെയിം ഗോൾ കീപ്പർ ബൗമാൻ മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്.

Advertisement