ചെൽസി പരിശീലകനായി 50 മത്സരങ്ങൾ തികച്ച് തോമസ് ടൂഹൽ. ഇന്നലെ യുവന്റസിനെതിരായ മത്സരം ചെൽസി പരിശീലകനായുള്ള ടൂഹലിന്റെ 50മത്തെ മത്സരമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ചെൽസി പരിശീലകനായിരുന്ന ഫ്രാങ്ക് ലമ്പാർഡിനെ പുറത്താക്കിയതിനെ പിന്നാലെയാണ് ടൂഹൽ ചെൽസി പരിശീലകനായി എത്തുന്നത്.
പരിശീലകനായി ചുമതലയേറ്റു അധികം വൈകാതെ തന്നെ ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാനും പ്രീമിയർ ലീഗിൽ ടോപ് ഫോർ നേടി കൊടുക്കാനും തോമസ് ടൂഹലിന് കഴിഞ്ഞിരുന്നു. ഇന്നലെ യുവന്റസിനെതിരെ നേടിയ വമ്പൻ ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് നോക്ഔട്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുന്ന ചെൽസി നിലവിൽ ഒന്നാം സ്ഥാനത്താണ്.
പരിശീലകനായുള്ള 50 മത്സരങ്ങളിൽ 32 എണ്ണത്തിലും ജയം നേടാൻ തോമസ് ടൂഹാലിനായി. 11 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ 7 മത്സരങ്ങൾ മാത്രമാണ് തോമസ് ടൂഹലിന്റെ കീഴിൽ ചെൽസി പരാജയപ്പെട്ടത്. ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും 24 ഗോൾ മാത്രം വഴങ്ങിയ ചെൽസി 31 ക്ലീൻ ഷീറ്റുകളും 50 മത്സരങ്ങളിൽ നിന്ന് നേടിയിട്ടുണ്ട്.