നാടകീയമായ മത്സരങ്ങൾ ആയിരുന്നു ഗ്രൂപ്പ് ബിയിൽ ഇന്ന് കണ്ടത്. നിർണായമായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ ബാഴ്സലോണ ടോട്ടൻഹാമിനെയും, ഇന്റർ മിലാൻ പി എസ് വിയെയും ആണ് ഇൻ നേരിട്ടത്. തുല്യ പോയന്റുകളുമായാണ് രണ്ടാം സ്ഥാനത്തിനായി പൊരുതുന്ന ഇന്റർ മിലാനും ടോട്ടൻഹാമും ഇന്ന് ഇറങ്ങിയത്.
കളിയുടെ തുടക്കത്തിൽ ബാഴ്സലോണക്ക് മുന്നിൽ ടോട്ടൻഹാം ഒരു ഗോളിന് പിറകിൽ ആയി. ഡെംബലെ ആയിരുന്നു ബാഴ്സക്കായി ഗോൾ നേടിയത്. ഇതേ സമയം അങ്ങ് ഇറ്റലിയിൽ പി എസ് വി ഇന്റർ മിലാനെതിരെയും ലീഡ് എടുത്തു. മെക്സിക്കൻ താരം ലൊസാനോ ആയിരുന്നു ഇന്ററിനെ ഞെട്ടിച്ച ഗോൾ നേടിയത്. അപ്പോഴും രണ്ടാം സ്ഥാനക്കാർ ഒപ്പത്തിനൊപ്പം. ഇന്റർ മിലാനെതിരായ ഹെഡ് ടു ഹെഡിൽ അവേ ഗോളിന്റെ ബലത്തിൽ സ്പർസിന് മുൻ കൈ ഉണ്ടായിരുന്നു അപ്പോൾ. ഇരു ടീമുകളും പരാജയപ്പെടുക ആണെങ്കിൽ സ്പർസ് നോക്കൗട്ടിലേക്ക് കടക്കും എന്നായിരുന്നു അവസ്ഥ.
ഇന്ററിന്റെ പ്രതീക്ഷകൾ അവസാനിക്കാൻ തുടങ്ങുമ്പോൾ ക്യാപ്റ്റൻ ഇക്കാർഡി രക്ഷകനായി എത്തി. കളിയുടെ 73ആം മിനുട്ടിൽ ആയിരുന്നു ഇക്കാർഡിയുടെ സമനില ഗോൾ വന്നത്. അതോടെ ഇന്റർ രണ്ടാമതും സ്പർസ് മൂന്നാമതും ആയി. നോക്കൗട്ടിലേക്ക് ഇക്കാർഡിയും സംഘവും കണ്ണുൻ നട്ടിരിക്കുമ്പോൾ ബാഴ്സലോണയിൽ നടക്കുന്ന കളിയിൽ ഒരു അപാര ട്വിസ്റ്റ്. കളിയുടെ 85ആം മിനുട്ടിൽ ടോട്ടൻഹാം സമനില കണ്ടെത്തി. ഗോൾ വന്നത് ലുകാസ് മോറയുടെ കാലിൽ നിന്ന്.
ഫുൾടൈം വിസിൽ ഇരു സ്റ്റേഡിയത്തിലും മുഴങ്ങിയപ്പോൾ ഇന്റർ മിലാനും, ടോട്ടൻഹാമിനും 8 വീതം പോയന്റുകൾ. ഗോൾ ഡിഫറൻസ് ഇരുവർക്കും -1. തുടർന്ന് ഹെഡ് ടു ഹെഡ് നോക്കിയപ്പോൾ എവേ ഗോളിന്റെ ബലത്തിൽ ടോട്ടൻഹാം നോക്കൗട്ടിലേക്ക്. ഇന്റർ മിലാൻ പുറത്തേക്കും. ഗ്രൂപ്പിൽ 14 പോയന്റുമായി ബാഴ്സലോണ ഒന്നാമതും ഫിനിഷ് ചെയ്തു.