പോർച്ചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സ്പോർടിങ് തോൽപ്പിച്ചത്. ഇതാദ്യമായാണ് ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരത്തിൽ സ്പോർടിംഗ് നാലു ഗോളുകൾ അടിക്കുന്നത്. സ്പോർടിങിന്റെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച എവേ വിജയവുമാണിത്. 15ആം മിനുട്ടിൽ ഉറുഗ്വേ താരം കോട്സ് ആണ് സ്പോർടിങിന് ലീഡ് നൽകിയത്. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ബെസികസിനായി. 24ആം മിനുട്ടിൽ ലാരിൻ ആയിരുന്നു ബെസികസിന് സമനില നൽകിയത്.
എന്നാൽ ഈ ഗോളിന് ശേഷം കളി പോർച്ചുഗീസ് ടീമിന്റെ കയ്യിലായി. 27ആം മിനുട്ടിൽ കോട്സ് തന്നെ സ്പോർടിങിന്റെ ലീഡ് തിരികെ നൽകി. 44ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സരാബിയ സ്പോർടിങിന്റെ മൂന്നാം ഗോൾ നേടി. കളി ആദ്യ പകുതിയിൽ 3-1ന് അവസാനിച്ചു. മത്സരത്തിന്റെ 89ആം മിനുട്ടിൽ മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെ പൗളീനോ ആണ് സ്പോർടിങിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.