സോൺ ഹ്യുങ് മിന്നൽ!! മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാമിനു മുന്നിൽ മുട്ടുമടക്കി

- Advertisement -

സോൺ ഹ്യുങ് മിൻ… ടോട്ടൻഹാം ആരാധകർക്ക് സന്തോഷം മാത്രം നൽകുന്ന താരമെന്ന വിളിപ്പേര് വെറുതയല്ല. ഈ സീസണിലെ ടോട്ടൻഹാമിന്റെ ഏറ്റവും വലിയ പോരാട്ടമായിരുന്നു ഇന്ന്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദം. അതും തങ്ങളുടെ പുതിയ ഹോം സ്റ്റേഡിയത്തിൽ. എതിരാളികൾ വിജയിക്കാൻ മാത്രം അറിയുന്ന, ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഒക്കെ നേടുമെന്ന് ഫുട്ബോൾ നിരീക്ഷകർ പറഞ്ഞു നടന്ന മാഞ്ചസ്റ്റർ സിറ്റി. പക്ഷെ സോണിന്റെ ഒരൊറ്റ നിമിഷത്തെ ബ്രില്യൻസിൽ സിറ്റി തീരുന്നു. മറുപടുയില്ലാത്ത ഒരു ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ ഇന്നത്തെ വിജയം.

കളിയുടെ തുടക്കത്തിൽ ടോട്ടൻഹാം ആയിരുന്നു മികച്ചു നിന്നത്. പക്ഷെ ഗോളടിക്കാനുള്ള സുവർണ്ണാവസരം ലഭിച്ചത് മാഞ്ചസ്റ്റർ സിറ്റിക്കും. ഡാനി റോസിന്റെ ഒരു ഹാൻഡ് ബോളിന് വാർ പെനാൽട്ടി വിധിച്ചു. പെനാൾട്ടി എടുത്ത അഗ്വേറോയ്ക്ക് പിഴച്ചു. മികച്ച സേവുമായി ലോറിസ് ഹീറോ ആയി.

കളിയുടെ രണ്ടാം പകുതിയിൽ പക്ഷെ സിറ്റി ആയിരുന്നു മികച്ചു നിന്നത്. ഇതിനിടയിൽ ഹാറ്റി കെയ്ൻ പരിക്കേറ്റു പുറത്തു പോവുകയും ചെയ്തു. പക്ഷെ കെയ്ൻ ഇല്ലാതെ തന്നെ സ്പർസിന് ജയിക്കാൻ ആകും എന്ന് 78ആം മിനുട്ടിൽ സോൺ കാണിച്ചു തന്നു. പുറത്തേക്ക് പോയി എന്ന് കരുതിയ പന്ത് കൈക്കലാക്കി സിറ്റി താരങ്ങളെ ഡ്രിബിൾ ചെയ്തതിനു ശേഷമായിരുന്നു സോണിന്റെ ഷോട്ടും ഗോളും.

രണ്ടാം പാദം ഇനിയും ബാക്കി ഉണ്ടെങ്കിലും ഒരു എവേ ഗോൾ സിറ്റി നേടിയില്ല എന്നത് സ്പർസിന് വലിയ പ്രതീക്ഷ തന്നെ നൽകുന്നുണ്ട്.

Advertisement