ചാമ്പ്യൻസ് ലീഗിൽ എഫ്.സി കോപ്പൻഹേഗനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു സെവിയ്യ. ജയത്തോടെ ഗ്രൂപ്പ് ജിയിൽ മൂന്നാമതുള്ള അവർ ചാമ്പ്യൻസ് അടുത്ത റൗണ്ടിൽ എത്താനുള്ള പ്രതീക്ഷ നിലനിർത്തി. സെവിയ്യ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. ഇടക്ക് എതിരാളികളുടെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് അവർക്ക് ആശ്വാസമായി. രണ്ടാം പകുതിയിൽ ആണ് സെവിയ്യയുടെ ഗോളുകൾ പിറന്നത്.
61 മത്തെ മിനിറ്റിൽ പാപ ഗോമസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ യൂസഫ് എൻ നെസ്യിറി ആണ് അവർക്ക് മുൻതൂക്കം സമ്മാനിച്ചത്. 88 മത്തെ മിനിറ്റിൽ മാർകോസ് അക്യുനയുടെ പാസിൽ നിന്നു മനോഹരമായ ഒരു ഷോട്ടിലൂടെ ഇസ്കോ സെവിയ്യക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ഗോൾ നേടാനുള്ള എതിരാളികളുടെ ശ്രമം മുതലെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഗോൺസാലോ മോണ്ടിനൽ സെവിയ്യയുടെ വിജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷം ഇസ്കോക്ക് എതിരായ മോശം ഫൗളിന് ഖൊചോളവ ചുവപ്പ് കാർഡ് കണ്ടത് കോപ്പൻഹേഗനു തിരിച്ചടിയായി.