യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യമായി എത്തിയ മോൾഡോവൻ ക്ലബായ ഷറിഫ് അവരുടെ അത്ഭുതങ്ങൾ തുടരുകയാണ്. ആദ്യ മത്സരത്തിൽ ശക്തറിനെ അവർ പരാജയപ്പെടുത്തിയപ്പോൾ അത് വലിയ കാര്യമാക്കാത്തവരോട് ഇന്ന് സാക്ഷാൽ റയൽ മാഡ്രിഡിനെ വീഴ്ത്തി കൊണ്ട് ഷെരീഫ് അവർ ചെറിയ ക്ലബ് അല്ല എന്ന് പറയുകയാണ്. ഇന്ന് റയലിനെ മാഡ്രിഡിൽ വെച്ചാണ് ഷറിഫ് പരാജയപ്പെടുത്തിയത് എന്ന കാര്യം കൂടി ചിന്തിക്കുമ്പോൾ ഈ അറിമറി ചെറുതല്ല എന്ന് മനസ്സിലാകും. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷെറിഫിന്റെ വിജയം. ഇത് 90ആം മിനുട്ടിലെ വിജയ ഗോൾ ഏതു മത്സരവും വിജയിക്കാൻ മാത്രം സുന്ദരമായ ഗോളായിരുന്നു.
ഇന്ന് 25ആം മിനുട്ടിൽ ആയിരുന്നു റയലിനെ ഞെട്ടിച്ച് കൊണ്ട് ഷെറിഫിന്റെ ആദ്യ ഗോൾ വന്നത്. ക്രിസ്റ്റ്യാനോയുടെ ഒരു ക്രോസിൽ നിന്ന് ജാക്ഷിബേവിന്റെ ഹെഡർ ആണ് റയൽ ഡിഫൻസിനെ വീഴ്ത്തിയത്. ഈ ഗോളിന് പകരം നൽകാൻ ഏറെ ശ്രമിച്ച റയൽ മാഡ്രിഡ് അവസാനം 65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സമനില നേടി. ബെൻസീമ ആണ് ആ പെനാൾട്ടി സ്കോർ ചെയ്തത്.
പിന്നീട് റയൽ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടിൽ റയലിനെ ഞെട്ടിച്ച് കൊണ്ട് തില്ലിലൂടെ ഷെറിഫ് ലീഡ് എടുത്തു. ബോക്സിന് പുറത്ത് നിന്ന് ഒരു റോക്കറ്റ് ഷോട്ടിലൂടെ ആയിരുന്നു വിജയ ഗോൾ വന്നത്. ഈ വിജയത്തോടെ ഷെറിഫ് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി.













