ഇറ്റലിയിൽ ചെന്ന് നാപോളിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. തുടക്കത്തിൽ ബെല്ലിങ്ഹാം മാജിക്കും അവസാനം ഒരു വാല്വെർദെ ബുള്ളറ്റും ആണ് റയലിന് ഇന്ന് വിജയം ഒരുക്കിയത്.
നാപോളിക്ക് എതിരെ അത്ര നല്ല തുടക്കമല്ല ഇറ്റലിയിൽ റയൽ മാഡ്രിഡിന് ലഭിച്ചത്. 19ആം മിനുട്ടിൽ ഒസ്റ്റിഗാർഡിലൂടെ നാപോളി ലീഡ് എടുത്തു. ഈ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ജൂഡ് ബെല്ലിങ്ഹാമും വിനീഷ്യസ് ജൂനിയറും ചേർന്ന് നടത്തിയ ഒരു നല്ല നീക്കം റയലിന് 27ആം മിനുട്ടിൽ സമനില നൽകി. ജൂഡിന്റെ അസിസ്റ്റിൽ നിന്ന് വിനീഷ്യസാണ് ആ നീക്കം ഫിനുഷ് ചെയ്തത്.
34ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളോടെ റയൽ മാഡ്രിഡ് ലീഡും എടുത്തു. കാമവിങയുടെ അസിസ്റ്റിൽ നിന്നായിരുന്നു ജൂഡിന്റെ ഗോൾ. സ്കോർ 1-2. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ നാപോളി സമനില നേടി. സിയെലെസ്കി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. സ്കോർ 2-2.
78ആം മിനുട്ടിൽ വാൽവെർദെയുടെ ഒരു റോക്കറ്റ് ഷോട്ട് റയൽ മാഡ്രിഡിന് വിജയ ഗോൾ നൽകി. സെൽഫ് ഗോളായാണ് അത് രേഖപ്പെടുത്തിയത് എങ്കിലും ആ ഗോളിന്റെ മുഴുവൻ ക്രെഡിറ്റും വാല്വെർദെക്ക് അവകാശപ്പെട്ടതായിരുന്നു.
ഈ ഗോൾ റയലിന്റെ വിജയം ഉറപ്പിച്ചു. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് റയൽ. നാപോളിക്ക് 3 പോയിന്റ് ആണുള്ളത്.