ഇന്ന് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിനായി വാൻഡ മെട്രോപൊളിറ്റാനോയിൽ എത്തുകയാണ്. ആദ്യ പാദത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0 തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ഗ്വാർഡിയോളയുടെ ടീം മാഡ്രിഡിൽ എത്തുന്നത്. എന്നാൽ 1-0 അത്ര വലിയ മാർജിൻ അല്ല എന്നും സിമിയോണിയുടെ ടീം സെമിയിൽ എത്താൻ വേണ്ടി അവരുടെ 100% നൽകി പൊരുതും എന്നും അത്ലറ്റിക്കോ മാഡ്രിഡിന്റെ മത്സരങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാം.
ആദ്യ പാദത്തിൽ കെവിൻ ഡി ബ്രൂയ്‌ന്റെ സ്‌ട്രൈക്ക് ആയിരുന്നു സിറ്റിക്ക് ജയം നൽകിയത്. സിറ്റിയോട് പരാജയപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡ് അതിനു പിന്നാലെ ലാലിഗയിൽ മയ്യോർകയോടും പരാജയപ്പെട്ടിരുന്നു. സിറ്റി ആകട്ടെ ലിവർപൂളിനോട് ഒരു ആവേശകരമായ 2-2 സമനില വഴങ്ങിയുമാണ് എത്തുന്നത്.
സസ്പെൻഷൻ തീർന്നതിനാൽ കരാസ്കോ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് ടീമിൽ തിരികെയെത്തും. സിറ്റി നിരയിൽ വാൽക്കറും സസ്പെൻഷൻ കഴിഞ്ഞ് എത്തും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിൽ കാണാം.