ആധികാരികം!! റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ, ചെൽസിക്ക് ഈ സീസൺ മറക്കാം

Newsroom

റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ. ഇന്ന് ലണ്ടണിൽ അത്ഭുതങ്ങൾ ഒന്നും നടന്നില്ല. ആദ്യ പാദത്തിലെ 2-0ന്റെ വിജയത്തിന് ഒപ്പം ഇന്ന് രണ്ടാം പാദത്തിലും 2-0നും റയൽ ജയിച്ചതോടെ അഗ്രിഗേറ്റ് സ്കോറിൽ 4-0ന്റെ ജയം നേടിക്കൊണ്ട് അവർ സെമിയിലേക്ക് മുന്നേറി‌. കഴിഞ്ഞ സീസണിലും ചെൽസിയെ റയൽ മാഡ്രിഡ് തന്നെ ആയിരുന്നു ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയത്‌.

ചെൽസി 23 04 19 02 03 19 644

ആദ്യ പാദത്തിലെ 2 ഗോൾ പരാജയം മറക്കാൻ ഇറങ്ങിയ ചെൽസിക്ക് ആദ്യ പകുതിയിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ആയെങ്കിലും കൃത്യമായ നല്ല അവസരങ്ങൾ വന്നില്ല. കാന്റെയ്ക്ക് ലഭിച്ച നല്ലൊരു അവസരം ആണെങ്കിൽ താരത്തിന് ടാർഗറ്റിലേക്ക് അടിക്കാനും ആയില്ല. ആദ്യ പകുതിയിലെ നല്ല അവസരങ്ങൾ എല്ലാം ലഭിച്ചത് റയലിനായിരുന്നു. റോഡ്രിഗോയുടെയും മോഡ്രിചിന്റെയും നല്ല ഷോട്ടുകൾ കെപ തടയേണ്ടി വന്നു. ആദ്യ പകുതിയുടെ അവസാനം കുകുറേയയെ തടയാൻ കോർതോസും ഏറെ പാടുപെട്ടു.

രണ്ടാം പകുതിയിൽ ചെൽസി തുടരാക്രമണങ്ങൾ നടത്തി. ഇതിനിടയിൽ 58ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. റോഡ്രിഗോ തുടങ്ങിയ അറ്റാക് വിനീഷ്യസിലേക്ക് എത്തുകയും വിനീഷ്യസ് തിരികെ പന്ത് റോദ്രിഗോയ്ക്ക് നൽകുകയും ചെയ്തു. യുവ സ്ട്രൈക്കർ പന്ത് അനായാസം വലയിൽ എത്തിച്ച് റയലിനെ 1-0ന് മുന്നിൽ ആക്കി‌. അഗ്രിഗേറ്റിൽ 3-0ന്റെ ലീഡ്.

Picsart 23 04 19 01 39 30 710

ആ ഗോളോടെ തന്നെ ചെൽസി തളർന്നു. ഇതിനു ശേഷം റയൽ മാഡ്രിഡ് ബെൻസീമയെ പിൻവലിച്ചു. 80ആം മിനുട്ടിൽ വീണ്ടും റോഡ്രിഗോയുടെ ഫിനിഷ്. ഇത്തവണ വാല്വെർദെ വെച്ചു കൊടുത്ത പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിക്കേണ്ട പണിയെ റോഡ്രിഗോയ്ക്ക് ഉണ്ടായുള്ളൂ. സ്കോർ 2-0. അഗ്രിഗേറ്റിൽ 4-0.

ലമ്പാർഡ് പരിശീലകനായ ശേഷം കളിച്ച നാലു മത്സരങ്ങളിലും ചെൽസി പരാജയപ്പെട്ടു. സെമി ഉറപ്പിച്ച റയൽ മാഡ്രിഡ് അവിടെ മാഞ്ചസ്റ്റർ സിറ്റിയെയോ ബയേണിനെയോ ആകും നേരിടുക.