ചാമ്പ്യന്മാർ വിജയവുമായി തുടങ്ങി, ഹസാർഡിന് അസിസ്റ്റും ഗോളും

റയൽ മാഡ്രിഡിന്റെ സ്കോട്ട്‌ലൻഡ് യാത്ര വലിയ വിജയത്തിൽ അവസാനിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് ഇന്ന് നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റും ഒരുക്കി ഹസാർഡ് ഇന്ന് താരമായി മാറി.

എളുപ്പത്തിൽ സെൽറ്റിക്കിനെ തോൽപ്പിക്കാം എന്ന് കരുതി ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർ ആദ്യ പകുതിയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. മത്സരത്തിന്റെ 29ആം മിനുട്ടിൽ സൂപ്പർ താരം ബെൻസീമ പരിക്കേറ്റ് കളം വിട്ടത് റയൽ മാഡ്രിഡിനെ പ്രതിസന്ധിയിൽ ആക്കി. മാഡ്രിഡ് ബെൻസീമക്ക് പകരം ഹസാർഡിനെ രംഗത്ത് ഇറക്കി.

20220907 020323

ആദ്യ പകുതിയിൽ ഗോളടിക്കാൻ കിട്ടിയ സുവർണ്ണാവസരം ഹസാർഡ് നഷ്ടമാക്കുകയും ചെയ്തു. ആദ്യ പകുതി ഗോൾ ഇല്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിലാണ് ശരിക്കുള്ള റയൽ മാഡ്രിഡിനെ കാണാൻ ആയത്.

56ആം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ വാൽവെർദെ ഇടതു വിങ്ങിലൂടെ പെനാൾട്ടി ബോക്സിലേക്ക് വരുന്നത് കണ്ട് വിനീഷ്യസിലേക്ക് പന്ത് എത്തിച്ചു. പെനാൾട്ടി ബോക്സിൽ. ഓടിയെത്തിയ വിനീഷ്യസിന് പന്ത് ആദ്യ ടച്ചിൽ തന്നെ വലയിൽ എത്തിക്കാൻ ആയി.

ഈ ഗോൾ കഴിഞ്ഞ് മിനുട്ടുകൾ മാത്രം കഴിഞ്ഞപ്പോൾ മോഡ്രിചിലൂടെ രണ്ടാം ഗോൾ വന്നു. ഹസാർഡിന്റെ പഴയ ഫോമിന്റെ മിന്നലാട്ടം ആണ് ആ ഗോളിലേക്ക് വഴി തെളിച്ചത്. മധ്യനിരയിൽ നിന്ന് പന്തുമായി കുതിച്ച ഹസാർഡ് നൽകിയ പാസ് സ്വീകരിച്ച് ആയിരുന്നു മോഡ്രിചിന്റെ ഫിനിഷ്. സ്കോർ 2-0
20220907 020344

ഇതിനു ശേഷം ഹസാർഡിന്റെ വകയും ഒരു ഗോൾ വന്നു. 77ആം മിനുട്ടിൽ കാർവഹാലിന്റെ പാസിൽ നിന്നായിരുന്നു ഹസാർഡിന്റെ ഫിനിഷ്. ഹസാർഡ് ഫോമിലേക്ക് തിരികെയെത്തുന്ന മത്സരമായി ഈ മത്സരം രേഖപ്പെടുത്തിയേക്കാം. ഈ ഗോളോടെ റയൽ മാഡ്രിഡിന്റെ വിജയം പൂർത്തിയായി.