ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഇന്ന് തിരികെ എത്തുകയാണ്. ഇനി ഫുട്ബോൾ ആരാധകർക്ക് ഉറക്കമില്ലാത്ത രാത്രികൾ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യ പോര് ഇന്ന് നടക്കുന്ന മാഞ്ചസ്റ്ററിലാണ്. ഫുട്ബോൾ ലോകത്തെ വമ്പൻ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയുമാണ് ഇന്ന് ഗ്ലാമർ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.
ഒലെ ഗണ്ണാർ സോൾഷ്യാർ പരിശീലക ചുമതലയേറ്റ ശേഷം പരാജയം എന്തെന്ന് അറിയാതെ മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആ കുതിപ്പിന് അവസാനം കുറിക്കുകയാകും പി എസ് ജിയുടെ ലക്ഷ്യം. പരിക്ക് കാരണം പ്രമുഖ താരങ്ങൾ ഇല്ലായെങ്കിലും മാഞ്ചസ്റ്ററിനെ തോൽപ്പിക്കാനുള്ള കരുത്ത് ടീമിന് ഉണ്ടെന്ന് പി എസ് ജി കരുതുന്നു. നെയ്മർ, കവാനി, മുനിയർ എന്നീ താരങ്ങൾ ഇന്ന് പി എസ് ജി നിരയിൽ ഇല്ല.
എങ്കിലും ഫ്രഞ്ച് ലീഗിൽ അപാര ഫോമിൽ തന്നെയാണ് പി എസ് ജി. മധ്യനിരക്കാരൻ വെറാട്ടി പരിക്ക് കഴിഞ്ഞ് മടങ്ങി എത്തുന്നു എന്നതും പി എസ്ജിക്ക് സന്തോഷ വാർത്തയാണ്. ഡിമറിയ, എമ്പപ്പെ തുടങ്ങിയ താരങ്ങൾ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് പിടിപ്പതു പണി നൽകിയേക്കും. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അപാര ഫോമിൽ ആണ്. പോഗ്ബ, മാർഷ്യൽ, റാഷ്ഫോർഡ് എന്നീ താരങ്ങൾ അവരുടെ കരിയറിലെ തന്നെ മികച്ച ഫോമിലാണ്.
ഡിഫൻസിൽ വലിയ താരങ്ങൾ ഇല്ലായെങ്കിലും ഒലെയുടെ വരവിന് ശേഷം മാഞ്ചസ്റ്റർ ഡിഫൻസിന്റെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്. ഡി ഹിയ, ബുഫൺ എന്നീ രണ്ട് ലോകോത്തര ഗോൾ കീപ്പർമാരുടെ പോര് കൂടിയാകും ഈ മത്സരം. ഇന്ന് വിജയിച്ചാൽ മാത്രമെ അടുത്ത പാദത്തിൽ പ്രതീക്ഷയുണ്ടാകു എന്നതു കൊണ്ട് തന്നെ വിജയമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്.