ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടത്തിൽ നാപോളി സ്വന്തം ഗ്രൗണ്ടിൽ പി.എസ്.ജിയെ നേരിടും. ലീഗ് 1ൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്പിൽ അത് അവർത്തിക്കാനാവാതെ പോയ പി.എസ്.ജിക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ഇന്ന് നാപോളിയോടുള്ള തോൽവി അവരെ ചാമ്പ്യൻസ് ലീഗിന് പുറത്തേക്കുള്ള അകലം കുറക്കും.
3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. 5 പോയിന്റുള്ള നാപോളി രണ്ടാം സ്ഥാനത്തും 6 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്തുമാണ്. അതെ സമയം ലിവർപൂളിന് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ ഗ്രൂപ്പിലെ ദുർബലരായ ക്രവേന സ്വാഡേയാണ്. അത് കൊണ്ട് തന്നെ ലിവർപൂൾ ഇന്നത്തെ മത്സരം ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. ജയത്തോടെ ലിവർപൂൾ അടുത്ത റൗണ്ടിലേക്ക് ഏകദേശം യോഗ്യത ഉറപ്പിക്കും. ഇതോടെ ഗ്രൂപ്പിൽ ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി പി.എസ്.ജിയും നാപോളിയുമാവും മത്സരിക്കുക.
പി.എസ്.ജിയുടെ ഗ്രൗണ്ടിൽ വെച്ച് കഴിഞ്ഞ തവണ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോൾ അവസാന മിനുട്ടിൽ ഡി മരിയ നേടിയ ഗോളിൽ പി.എസ്.ജി സമനില പിടിച്ചിരുന്നു. ഇതോടെയാണ് ഗ്രൂപ്പിൽ പി.എസ്.ജിക്ക് ചെറിയ സാധ്യത തെളിഞ്ഞത്.